ഗുവാഹത്തി: എയർ ഇന്ത്യ എക്‌സ്പ്രസിന്റെ സർവ്വീസിൽ പരസ്യ വിമർശനവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ്. ഗുവാഹത്തിയിൽ നിന്നും ഹൈദരാബാദിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസ്സ് വിമാനം നാല് മണിക്കൂറിലേറെ വൈകിയ സംഭവത്തിലാണ് സിറാജിൻ്റെ വിമർശനം. ഗുവാഹത്തിയിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിന് ശേഷം സ്വദേശമായ ഹൈദരാബാദിലേക്കുള്ള യാത്രയിലായിരുന്നു സിറാജ്.
വൈകുന്നേരം 7.25 ന് പുറപ്പെടേണ്ടിയിരുന്നെങ്കിലും വിമാനം ഏറെ വൈകിയാണ് എത്തിയതെന്ന് സിറാജ് എക്‌സിൽ കുറിച്ചിട്ട പോസ്റ്റിൽ പറയുന്നു. ഇതേക്കുറിച്ച് എയർഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരോട് ചോദിച്ചെങ്കിലും വ്യക്തമായ മറുപടി ആരിൽ നിന്നും ലഭിച്ചില്ലെന്നും സിറാജ് കൂട്ടിച്ചേർത്തു.
സിറാജിന്റെ പോസ്റ്റ്
”ഗുവാഹത്തിയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള എയർ ഇന്ത്യ വിമാനം നമ്പർ IX 2884 വൈകുന്നേരം 7:25 ന് പുറപ്പെടേണ്ടതായിരുന്നു. പക്ഷേ എയർലൈനിൽ നിന്ന് ഒരു ആശയവിനിമയവും ലഭിച്ചിട്ടില്ല. അവർ ശരിയായ കാരണം നൽകാതെ വിമാനം വൈകിപ്പിച്ചു. ഇത് അങ്ങേയറ്റം നിരാശാജനകമാണ്. വിമാനം 4 മണിക്കൂർ വൈകി, എന്നിട്ടും ഒരു അപ്ഡേറ്റും ഞങ്ങൾക്ക് നൽകിയില്ല. ഏറ്റവും മോശം എയർലൈൻ അനുഭവം.” സിറാജ് കുറിച്ചിട്ടു.
സംഭവത്തിന് പിന്നാലെ ക്ഷമ ചോദിച്ച് എയർ ഇന്ത്യ രംഗത്ത് വന്നു. അപ്രതീക്ഷിതമായ പ്രശ്നങ്ങൾ മൂലമാണ് വിമാനം റദ്ദാക്കിയതെന്ന് എയർ ഇന്ത്യ അറിയിച്ചു. കൂടാതെ വിമാനത്താവള ജീവനക്കാർ എല്ലാ യാത്രക്കാരെയും ആവശ്യമായ സഹായം നൽകുന്നുണ്ടെന്ന് എയർ ഇന്ത്യ പറഞ്ഞു. ”ഈ സാഹചര്യം എത്രത്തോളം ബുദ്ധിമുട്ടുള്ളതാണെന്ന് മനസ്സിലാക്കുന്നു. നിങ്ങൾക്ക് ബുദ്ധിമുട്ട് നേരിട്ടതിൽ ഖേദിക്കുന്നു.” എയർ ഇന്ത്യ വ്യക്തമാക്കി.




