ദില്ലി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഒമാനിൽ എത്തും. ജോർദ്ദാൻ, എത്യോപ്യ സന്ദർശനത്തിന് ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി ഒമാനിൽ എത്തുക. ഇന്ത്യയും ഒമാനും നയതന്ത്രബന്ധം ആരംഭിച്ചതിൻ്റെ എഴുപതാം വർഷത്തിലാണ് ഇന്ത്യൻ പ്രധാനമന്ത്രി ഒമാൻ മണ്ണിൽ എത്തുന്നത്.
ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക സഹകരണ കരാർ പ്രഖ്യാപിക്കുമോ മോദിയുടെ ഒമാൻ സന്ദർശനത്തിനിടെ പ്രഖ്യാപിക്കുമോ എന്നാണ് നയതന്ത്രലോകവും പ്രവാസികളും ഉറ്റുനോക്കുന്നത്. എഴുപതാം വാർഷികത്തിൽ നിർണായക പ്രഖ്യാപനങ്ങളുണ്ടാവും എന്ന സൂചനയാണ് നിലവിൽ പുറത്തു വരുന്നത്. കരാർ പ്രഖ്യാപിക്കുന്ന പക്ഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര – സാമ്പത്തിക ബന്ധത്തിൽ വൻകുതിച്ചു ചാട്ടമുണ്ടാക്കും.
ഉന്നതതലസംഘം ഒമാനിൽ പ്രധാനമന്ത്രി അനുഗമിക്കുന്നുണ്ട്. പ്രതിരോധം, സാമ്പത്തികം, ഊർജ്ജം, നിക്ഷേപം, സുരക്ഷ, സാങ്കേതിക വിദ്യ എന്നീ മേഖലുകളുമായി ബന്ധപ്പെട്ടും നിർണായക ചർച്ചകൾക്കും പ്രഖ്യാപനങ്ങൾക്കും സാധ്യത കാണുന്നു. ഒമാനിൽ പ്രധാനമന്ത്രിയുടെ രണ്ടാം വരവനാണിത്. 2018 ഫെബ്രുവരിയിൽ പ്രധാനമന്ത്രി ഒമാൻ സന്ദർശിക്കുകയും 2023 ഡിസംബറിൽ ഒമാൻ ഭരണാധികരാരി സുൽത്താൻ ഹൈത്തം ബിൻ താരിക് ഇന്ത്യ സന്ദർശിക്കുകയും ചെയ്തിരുന്നു.




