എല്ലാ പ്രൈമറി സ്കൂൾ കുട്ടികൾക്കും അടുത്ത അധ്യയന വർഷത്തേക്ക് സൗജന്യ ഭക്ഷണം നൽകാനുള്ള അടിയന്തര പദ്ധതിയുമായി ലണ്ടൻ. ലണ്ടൻ മേയർ സാദിഖ് ഖാൻ ആണ് പദ്ധതി പ്രഖ്യാപിച്ചത്. 130 മില്യൺ പൗണ്ട് ചെലവുള്ള പദ്ധതി സെപ്തംബർ മുതൽ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫീഡ് ദ ഫ്യൂച്ചർ’ കാമ്പെയ്‌നിന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമാണ് പദ്ധതിയെന്ന് ഫുഡ് ഫൗണ്ടേഷന്റെ കാമ്പെയ്‌ൻ ആൻഡ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ജോ റാലിംഗ് പറഞ്ഞു.
ബ്രിട്ടനിൽ ഭക്ഷ്യ അരക്ഷിതാവസ്ഥയിൽ ബുദ്ധിമുട്ടുന്ന 4 ദശലക്ഷം കുട്ടികളിൽ 2,70,000 പേർക്ക് ഈ പദ്ധതി ആശ്വാസമാവുമെന്നാണ് വിലയിരുത്തുന്നത്. അതേസമയം ജീവിതച്ചെലവ് വർദ്ധിക്കുന്ന സാഹചര്യത്തിൽ ലണ്ടൻ സർക്കാരിന്റെ ഏത് തരത്തിലുള്ള പദ്ധതിയും സഹായകരമാണെന്ന് എരണ്ട് കുട്ടികളുള്ള ഐടി പ്രൊഫഷണലായ സുഹാസ് ബർഹതെ പറഞ്ഞു. പ്രതിസന്ധി രൂക്ഷമാവുന്ന സാഹചര്യത്തിൽ പദ്ധതി ഒരു വർഷത്തേക്ക് മാത്രമായി നിലനിൽക്കുന്നത് നിരാശാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ പദ്ധതിയുടെ പ്രഖ്യാപനത്തിൽ ഇവിടുത്തെ ജനങ്ങൾ അങ്ങേയറ്റം സന്തുഷ്ടരാണ്. കൂടാതെ ബ്രിട്ടനിലെ ഭക്ഷ്യ അരക്ഷിതാവസ്ഥയെ ചെറുക്കുന്നതിന് ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യേണ്ടത് ആവശ്യമാണ്. ഇത് ഒരു പരീക്ഷണം കൂടിയാണ്. അതേസമയം ഇതിൽ കൂടുതൽ കാര്യങ്ങൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജോ റാലിംഗ് കൂട്ടിച്ചേർത്തു.