കൊച്ചി: ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ ഹർജി നൽകി. നടിയെ ആക്രമിച്ച വാഹനത്തിൽ താനുണ്ടായിരുന്നില്ലെന്നും ഒന്നാം പ്രതി പൾസർ സുനിയുമായി ഗൂഢാലോചനയിൽ പങ്കാളിയായെന്നത് മാത്രമാണ് തനിക്കെതിരായ കുറ്റമെന്നും ഹർജിയിൽ മാർട്ടിൻ പറഞ്ഞു.
ഇതേ ആരോപണമാണ് കേസിൽ എട്ടാം പ്രതിയായ ദിലീപിന് നേരേയും ഉണ്ടായിരുന്നത്. ദിലീപിനെ വെറുതെവിട്ട സാഹചര്യത്തിൽ ഇതേ ആനുകൂല്യം നൽകി തന്നെയും വെറുതെവിടണമെന്നും ഹർജിയിൽ പറയുന്നു. നിലവിൽ കേസിലെ മൂന്നുപ്രതികളും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. പ്രദീപ്, വടിവാൾ സലീം എന്നിവരാണ് ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയിലെത്തിയ മറ്റു രണ്ടുപേർ. ഹർജിയിൽ മറുപടി നൽകാൻ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാര്‍ട്ടിന്‍റെ വീഡിയോ ഷെയര്‍ ചെയ്ത മൂന്നുപേര്‍ അറസ്റ്റിലായി. പണം വാങ്ങി വീഡിയോ പ്രചരിപ്പിച്ചവർ അടക്കമാണ് അറസ്റ്റിലായത്. വീഡിയോ ഷെയര്‍ ചെയ്ത നൂറിലേറെ സൈറ്റുകള്‍ പൊലീസ് നീക്കം ചെയ്തു. കൂടുതല്‍ പേരെ വരും ദിവസങ്ങളില്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു
ജാമ്യമില്ലാ വകുപ്പു ചുമത്തിയായിരുന്നു അറസ്റ്റ്. ഫേസ് ബുക്ക് പേജുകളില്‍ വാണിജ്യ അടിസ്ഥാനത്തില്‍ മാര്‍ട്ടിന്‍റെ വീഡിയോ ഷെയര്‍ ചെയ്തു എന്ന ഗുരുതരമായ കണ്ടെത്തലും അന്വേഷണ സംഘത്തിനുണ്ട്.




