മലയാള സിനിമയിൽ പുതുചരിത്രം സൃഷ്ടിച്ച് മഞ്ഞുമ്മൽ ബോയ്സ്. 200 ക്ലബിലെത്തുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോർഡാണ് മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കിയത്. കളക്ഷനിൽ ഒന്നാമതുണ്ടായിരുന്ന 2018-സിനിമയെ നേരത്തെ തന്നെ മഞ്ഞുമ്മൽ ബോയ്സ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയിരുന്നു.
കേരളത്തേക്കാൾ കളക്ഷൻ തമിഴ്നാട്ടിൽ നേടിയാണ് മഞ്ഞുമ്മൽ ബോയ്സ് 200 കോടി ക്ലബിലേക്ക് കടക്കുന്നത്. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രം എന്ന റെക്കോർഡും മഞ്ഞുമ്മൽ ബോയ്സ് ഇതിനകം നേടി കഴിഞ്ഞു. ജാനേമൻ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നു വന്ന ചിദംബരത്തിൻ്റെ രണ്ടാമത്തെ ചിത്രമായി ഫെബ്രുവരി 22-നാണ് മഞ്ഞുമ്മൽ ബോയ്സ് തീയേറ്ററുകളിലേക്ക് എത്തുന്നത്. ഇങ്ങനെയൊരു ചരിത്രവിജയത്തിലേക്ക് സിനിമ എത്തുമെന്ന് ആരും തന്നെ ഒരു ഘട്ടത്തിലും പ്രതീക്ഷിച്ചിരുന്നില്ല. കർണാടകത്തിൽ ഏതാണ്ട് പതിനൊന്ന് കോടിയിലേറെ രൂപയുടെ കളക്ഷൻ ഇതിനോടകം ചിത്രം സ്വന്തമാക്കി കഴിഞ്ഞു.
പറവ പിക്ച്ചേഴ്സിൻ്റെ ബാനറിൽ നടൻ സൗബിൻ ഷാഹിറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം വിതരണം ചെയ്യുന്നത്. അതേസമയം തമിഴ്നാട്ടിൽ മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ കൂടുതൽ കളക്ഷൻ നേടി മുന്നേറുന്നത് സൂപ്പർഹിറ്റ് മലയാള ചിത്രം പ്രേമലുവിൻ്റെ തമിഴ്പതിപ്പാണ്. പ്രേമലുവിൻ്റെ തെലുങ്ക് പതിപ്പ് ആന്ധ്രാപ്രദേശിലും തെലങ്കാനയിലും വിജയകരമായി പ്രദർശനം തുടരുകയാണ്.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് ചിദംബരത്തിന്റെ മഞ്ഞുമ്മൽ ബോയ്‍സിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൈജു ഖാലിദാണ് ചിത്രത്തിൻ്റെ ക്യാമറാമാൻ. സംഗീതം സുഷിൻ ശ്യാം. കേന്ദ്രകഥാപാത്രങ്ങളിലൊന്നായി എത്തിയ ഗണപതി തന്നെയാണ് ചിത്രത്തിലെ കാസ്റ്റിംഗ് ഡയറക്ടറും.