തങ്ങളെ നഗ്നരായി നടത്തിക്കുമ്പോള്‍ പൊലീസ് ഇത് കണ്ട് നില്‍ക്കുന്നുണ്ടായിരുന്നുവെന്ന് ആക്രമത്തിനിരയായ യുവതികളിലൊരാള്‍. പൊലീസ് സഹായിച്ചില്ലെന്നും അവരെ തടയാന്‍ ശ്രമിച്ച തന്റെ പിതാവിനെയും സഹോദരനെയും ആള്‍ക്കൂട്ടം കൊലപ്പെടുത്തിയെന്നും യുവതി ഓണ്‍ലൈന്‍ മാധ്യമമായ ദ വയറിനോട് വെളിപ്പെടുത്തി.
നാല് പൊലീസുകാര്‍ കാറിലിരിക്കുകയായിരുന്നുവെന്നും അവര്‍ അക്രമം നോക്കി ഇരിക്കുകയായിരുന്നുവെന്നും ഇരയായ രണ്ടാമത്തെ യുവതിയും പറഞ്ഞു.
കാങ്‌പോക്പിയിലെ ഗ്രാമത്തിലേക്ക് മെയ്‌തെയി വിഭാഗക്കാര്‍ അതിക്രമിച്ചെത്തുന്നു എന്ന കേട്ടതിന് പിന്നാലെ ആള്‍ക്കാര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ വീഡിയോയില്‍ കാണുന്ന രണ്ട് സ്ത്രീകളെയും ആള്‍ക്കൂട്ടം കീഴടക്കുകയായിരുന്നു.
‘എനിക്കൊപ്പം പിടിച്ചു കൊണ്ടു പോയ മറ്റേ സ്ത്രീയെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നുണ്ടായിരുന്നു. പക്ഷെ അക്രമം നടക്കുമ്പോള്‍ അതൊന്നും ഓര്‍ക്കാന്‍ സാധിച്ചില്ല. അവര്‍ ഞങ്ങളെ കുറ്റിക്കാട് നിറഞ്ഞ സ്ഥലത്തേക്ക് കൊണ്ടു പോയി. ഇവളെ ഉപദ്രവിക്കേണ്ടവര്‍ക്കൊക്കെ വന്ന് ചെയ്യേണ്ടതൊക്കെ ചെയ്യാം എന്ന് അവര്‍ ഉറക്കെ വിളിച്ച് പറയുകയായിരുന്നു,’ സ്ത്രീ പറഞ്ഞു.
അവരില്‍ കുറച്ച് പേര്‍ ഞങ്ങളോട് വസ്ത്രങ്ങള്‍ അഴിക്കാന്‍ പറയുകയായിരുന്നു. എന്നാല്‍ അക്കൂട്ടത്തില്‍ തന്നെ ചിലര്‍ ഞങ്ങളെ രക്ഷിക്കാനും ശ്രമിക്കുന്നുണ്ടായിരുന്നെന്നും യുവതി പറഞ്ഞു.
തങ്ങള്‍ ബലാത്സംഗം ചെയ്യപ്പെട്ടില്ലെന്നും അവര്‍ ഞങ്ങളെ വിവസ്ത്രരാക്കുകയും ശരീരത്തില്‍ തൊടുകയുമാണ് ചെയ്തതെന്നും ഇരയായ രണ്ടാമത്തെ യുവതി പറഞ്ഞു.
മെയ് നാലിനാണ് യുവതികള്‍ക്കെതിരായി അതിക്രമം നടക്കുന്നത്. രണ്ട് മാസങ്ങള്‍ക്കിപ്പുറം വീഡിയോ പുറത്ത് വന്ന് ചര്‍ച്ചയായതോടെ മാത്രമാണ് വിഷയത്തില്‍ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായത്. സംഭവത്തില്‍ കേന്ദ്രം പാലിച്ച മൗനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. രോഷം ശക്തമായതിന് പിന്നാലെയാണ് പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെട്ട് സംസാരിച്ചത്.