മംഗളൂരു: നാനാ നാടുകളിൽ നിന്നും ഒഴുകിയെത്തിയ ആയിരങ്ങൾ അണിനിരക്കുന്ന മംഗളൂരു ദസറ ഘോഷയാത്രക്ക് ആരംഭമായി. ചാറ്റൽ മഴയുടെ അകമ്പടിയോടെ വ്യാഴാഴ്ച വൈകീട്ട് ഏഴോടെ മംഗളൂരു കുദ്രോളി ശ്രീ ഗോകർണാനാഥേശ്വര ക്ഷേത്രത്തിൽ നിന്നും ശാരദ ദേവിയെയും വഹിച്ചുള്ള ഘോഷയാത്ര ആരംഭിച്ചു. ഘോഷയാത്ര നഗരം ചുറ്റി തിരികെ വെള്ളിയാഴ്ച രാവിലെയോടെ തിരിച്ചെത്തി ക്ഷേത്ര കുളത്തിൽ നിമഞ്ജനം ചെയ്യുന്നതോടെ ഈ വർഷത്തെ ദസറക്ക് സമാപനമാകും.
നവമി ആഘോഷങ്ങളുടെ ഭാഗമായി മംഗളൂരു ദസറയിൽ കഴിഞ്ഞ ഒമ്പത് ദിവസമായി കലാ സാംസ്‌കാരിക പരിപാടികൾ അരങ്ങേറി. ദസറയുടെ ഭാഗമായി, ക്ഷേത്രങ്ങളിലും മറ്റ് സാംസ്‌കാരിക സംഘടനകളുടെ ഭാഗമായും സാഹിത്യ പരിപാടികൾ, നാടോടി കലകൾ, ഭക്ത്‌തി നാടകങ്ങൾ, യക്ഷഗാനം, പുലികളി ഉൾപ്പെടെ വിവിധ കലാരൂപങ്ങളുടെ പ്രകടനങ്ങൾ എന്നിവയാണ് ഒരാഴ്‌ചക്കാലം അരങ്ങേറിയത്.
സിനിമ, സാംസ്‌കാരിക രംഗത്തെ പ്രമുഖരും ആഘോഷങ്ങളുടെ ഭാഗമാകാൻ മംഗളൂരുവിലെത്തി. കുദ്രോളി ശ്രീ ഗോകർണനാഥ ക്ഷേത്രത്തിൽ ശാരദ ദേവി പ്രതിമ സ്‌ഥാപിച്ചുകൊണ്ടാണ് ആഘോഷങ്ങൾ ഔദ്യോഗികമായി തുടങ്ങിയത്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മഹാനവമി നാളിൽ നടന്ന പുലികളി മത്സരങ്ങളും ശ്രദ്ധേയമായി. ഘോഷയാത്ര കുദ്രോളി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് മന്നഗുഡ്‌ഡ സർക്കിൾ, നാരായണ ഗുരു സർക്കിൾ, ബല്ലാൽബാഗ്, പി.വി.എസ് ജംക്‌ഷൻ, നവഭാരത് സർക്കിൾ. സിറ്റി സെൻ്റ് മാൾ, ഹമ്പൻകട്ട, കാർ സ്ട്രീറ്റ് പ്രദേശങ്ങളിലൂടെ നടന്ന ഘോഷയാത്രയിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ എത്തി.ഈ വർഷം അഞ്ച് ലക്ഷത്തിലധികം പേർ മംഗളൂരു ദസറയിൽ പങ്കാളികളായി.






