യുഎയിൽ ഇമിഗ്രേഷൻ വിസ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത 43 കാരനായ പ്രവാസിക്ക് രണ്ട് വർഷം തടവ് ശിക്ഷ. സമൂഹമാധ്യമങ്ങളിലൂടെയും കെട്ടിടങ്ങളുടെ പ്രവേശന കവാടങ്ങളിലും വിവിധ രാജ്യങ്ങളിലേക്ക് ഇമിഗ്രേഷൻ വിസ നൽകുന്നുണ്ടെന്ന് പരസ്യം ചെയ്താണ് ഇയാൾ തട്ടിപ്പ് നടത്തിയത്. കുടിയേറാൻ താല്പര്യം ഉള്ളവർക്ക് പ്രത്യേകം ഓഫറും വാഗ്ദാനം ചെയ്തിരുന്നു.
വിസ ഇടപാടുകാർക്ക് വാങ്ങിയ പണം തിരികെ നൽകണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ പ്രതിയെ സംബന്ധിച്ച മറ്റു വിവരങ്ങളൊന്നും ഇതുവരെ പുറത്തു വിട്ടിട്ടില്ല. ശിക്ഷയുടെ കാലാവധി കഴിഞ്ഞാൽ പ്രതിയെ രാജ്യത്ത് നിന്ന് നാടുകടത്താനാണ് തീരുമാനം. തന്റെ കമ്പനിയുടെ ആസ്ഥാനമാണെന്ന വ്യാജേന ഇയാൾ ഒരു കെട്ടിടം വാടകയ്‌ക്കെടുക്കുകയും ഇടപാടുകാരുമായി അഭിമുഖം നടത്തുകയും ചെയ്തിട്ടുണ്ട്. അവരിൽ നിന്നും വലിയ തുകകൾ കൈപ്പറ്റുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. അതേസമയം വിസയ്ക്ക് പകരം കമ്പനിയുടെ ലോഗോ പതിച്ച രസീത് മാത്രമാണ് ബാധിക്കപ്പെട്ടവർക്ക് പ്രതി നൽകിയിട്ടുള്ളത്.
കമ്പനിക്ക് ഔദ്യോഗികമായി ലൈസൻസ് നൽകിയിട്ടില്ലെന്ന് സാമ്പത്തിക വകുപ്പ് നൽകിയ കത്തിൽ പറയുന്നു. രാജ്യത്ത് ടൂറിസ്റ്റ് സേവനം നടത്തുന്നതിനായി ഒരു വ്യക്തിഗത സ്ഥാപനത്തിന്റെ ലൈസെൻസിനാണ് ഇയാൾ അപേക്ഷിച്ചിരുന്നത്. ഇത് മൂലമാണ് ലൈസെൻസ് ലഭിക്കാതെ പോയതെന്നും സാമ്പത്തിക വകുപ്പ് വ്യക്തമാക്കി.