ബ്രിട്ടനിൽ ലീഡ്സിൽ ബസ് കാത്തുനിന്ന മലയാളി വിദ്യാർഥിനി കാറിടിച്ച് മരിച്ചു. തിരുവനന്തപുരം തോന്നയ്ക്കൽ പട്ടത്തിൻകര അനിൽകുമാർ – ലാലി ദമ്പതികളുടെ മകൾ ആതിര അനിൽ കുമാർ (25) ആണ് അപകടത്തിൽ മരിച്ചത്. ലീഡ്സിലെ ബെക്കറ്റ് യൂണിവേഴ്സിറ്റിയിലെ പ്രോജക്ട് മാനേജ്മെൻ്റ് വിദ്യാർഥിനിയായിരുന്നു ആതിര. ഭർത്താവ് രാഹുൽ ശേഖർ മസ്കത്തിൽ ഉദ്യോഗസ്ഥനാണ്. ഇവർക്ക് ഒരു മകളുണ്ട്.
ആതിരയുടെ മൃതദേഹം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത് ബ്രാഡ്ഫോർഡ് ആശുപത്രി മോർച്ചറിയിലാണ്. ഇന്നലെ രാവിലെ 8.28നായിരുന്നു ലീഡ്സിലെ ആംലിക്കു സമീപം സ്റ്റാനിംഗ് ലീ റോഡിലെ ബസ് സ്റ്റോപ്പിൽ അതിദാരുണമായ ദുരന്തം നടന്നത്. ചെറുപ്പക്കാരിയായ ഒരു സ്ത്രീ ഓടിച്ച വോക്സ്‌വാഗൺ ഗോൾഫ് കാറാണ് നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിൻ്റെ തിട്ടയിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ മധ്യവയസ്കനായ മറ്റൊരാൾക്കും പരുക്കേറ്റിരുന്നെങ്കിലും ഇയാളുടെ പരുക്കുകൾ ഗുരുതരമല്ല. ആതിര സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചതായാണ് വിവരം.
ഒരുമാസം മുമ്പാണ് ആതിര പഠനത്തിനായി ലീഡ്സിൽ എത്തിയത്. ലീഡ്സ് മലയാളി അസോസിയേഷൻ പ്രസിഡൻ്റ് ഡോ. സാബു ഘോഷും സഹപ്രവർത്തകരും പൊലീസുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.
അപകടമുണ്ടാക്കിയ കാറോടിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു.