ഗാൾവേ • പത്തനംതിട്ട സ്വദേശിയായ നഴ്സ് അയർലൻഡിൽ അന്തരിച്ചു. പത്തനംതിട്ട കുളനട മാന്തുക പുതുപ്പറമ്പിൽ വലിയവിളയിൽ റോജി വില്ലയിൽ പരേതനായ ജോൺ ഇടിക്കുളയുടെ മകൻ റോജി പി. ഇടിക്കുള ആണ് മരിച്ചത്. 37 വയസ്സായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഡബ്ലിൻ ബൂമൗണ്ട് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവേയാണ് കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ മരണം സംഭവിച്ചത്. ഓഗസ്റ്റ് 25 ന് ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയ ശേഷം റോജിക്ക് കടുത്ത തലവേദന അനുഭവപ്പെട്ടു.. തുടർന്നു ഗാൾവേ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സ തേടുകയായിരുന്നു.
വിദഗ്ദ്ധ പരിശോധനയിൽ തലച്ചോറിൽ രക്തസ്രവമുണ്ടായതായി കണ്ടെത്തി. തുടർന്ന് ഡബ്ലിനിലെ ബുമൌണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിതീവ്രപരിചണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. തലച്ചോറിലെ രക്തസ്രവം തുടർന്നതാണ് തിരിച്ചടിയായത്. മരണത്തെ തുടർന്ന് റോജിയുടെ ആഗ്രഹപ്രകാരം അവയവങ്ങൾ ദാനം ചെയ്തു.
കേരളത്തിലും പിന്നീട് ഖത്തറിലും വിവിധ ആശുപത്രികളിൽ നഴ്സായി ജോലി ചെയ്ത ശേഷമാണ് രണ്ട് വർഷം മുൻപ് റോജി അയർലൻഡിലെത്തിയത്. ആദ്യം കോർക്കിൽ താമസിച്ച റോജി പിന്നീട് ട്യൂമിലേക്ക് കുടുംബസമേതം താമസം മാറിയിരുന്നു. കേരളത്തിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ സജീവ പ്രവർത്തകനായിരുന്നു. അയർലൻഡിൽ വിവിധ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഗാൾവേ സെന്റ് ഏലിയ ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഇടവകാംഗമാണ്.