ഷാര്‍ജ: ഷാര്‍ജയിലുണ്ടായ ബോട്ടപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ബാലൻ മരിച്ചു. കൂരമ്പാല ചെറുതിട്ട പ്രശാന്തിന്റെയും മഞ്ജുഷയുടെയും മകനാണ് പ്രണവ് ആണ് മരിച്ചത്. ഏഴ് വയസ്സായിരുന്നു. അബുദാബിയിലെ സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. ബോട്ടപകടത്തിൽ കാസര്‍കോട് നീലേശ്വരം സ്വദേശി അഭിലാഷ് വാഴവളപ്പില്‍ (38) നേരത്തെ മരിച്ചിരുന്നു. ഇതോടെ അപകടത്തിലെ ആകെ മരണസംഖ്യ രണ്ടായി. അപകടത്തിൽ പരിക്കേറ്റ രണ്ട് പേർ ഇപ്പോഴും ചികിത്സയിലുണ്ട്.
ഷാർജ ഖോര്‍ഫുക്കാനില്‍ ഇക്കഴിഞ്ഞ പെരുന്നാള്‍ ദിവസാണ് ബോട്ട് അപകടത്തിത്തിൽപ്പെട്ടത്. വൈകുന്നേരം 3.40-ഓടെ ഉല്ലാസബോട്ട് മറിഞ്ഞ് യാത്രക്കാർ കടലിൽ വീഴുകയായിരുന്നു. അപകടസമയത്ത് ബോട്ടിൽ 18 പേരാണ് ഉണ്ടായിരുന്നത്. കരയിൽ നിന്നും ഒന്നര കിലോമീറ്ററോളം സഞ്ചരിച്ച ശേഷമാണ് ബോട്ട് മറിഞ്ഞത്. ആംബുലൻസ് ബോട്ടും ഷാർജ പൊലീസും വിവരം ലഭിച്ചതിന് പിന്നാലെ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കടലിൽ വീണ എല്ലാവരേയും കരയ്ക്ക് എത്തിച്ച് ആശുപത്രിയിലെത്തിച്ചു. എന്നാൽ ഇതിനോടകം അഭിലാഷും പ്രണവും അടക്കമുള്ളവർ വെള്ളത്തിനടിയിൽ കിടന്നിരുന്നു.
ബോട്ട് അപകടത്തിന് കാരണമായത് ഓപ്പറേറ്ററുടെ നിയമലംഘനമാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ബോട്ട് ഓപ്പറേറ്റര്‍ നിബന്ധനകള്‍ പാലിച്ചില്ലെന്നും അപകടത്തിന് ഉത്തരവാദികളായവരെ തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ഈസ്റ്റേണ്‍ റീജ്യണല്‍ ഡയറക്ടര്‍ കേണല്‍ ഡോ. അലി അല്‍ കായ് അല്‍ ഹമൂദി അറിയിച്ചിരുന്നു.