അജ്മാൻ: അജ്മാനിൽ നിന്നും മത്സ്യബന്ധനത്തിന് പോയി ഇറാനിൽ തടവിലായ മത്സ്യത്തൊഴിലാളികളുടെ മോചനം വൈകുന്നു. ഈ മാസം 18-നാണ് അജ്മാനിൽ നിന്നും കടലിൽ പോയ 11 മത്സ്യത്തൊഴിലാളികൾ അടങ്ങിയ ബോട്ട് ഇറാൻ പൊലീസ് കസ്റ്റഡിയിലെടുത്തത്. നിയമവിരുദ്ധമായി സമുദ്രാതിർത്തി കടന്നുവെന്ന കുറ്റം ചുമത്തി ഇവരെ ഇറാൻ ജയിലിൽ അടച്ചിരിക്കുകയാണ്. സംഘത്തിൽ ഏഴ് മലയാളികളും മൂന്ന് തമിഴ്നാട് സ്വദേശികളും ഇവരുടെ സ്പോണ്സറായ ഒരു യുഎഇ പൌരനുമാണുള്ളത്.
തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശമായ അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശികളായ സാജു ജോർജ് (50), ആരോഗ്യരാജ് വർഗീസ് (43), സ്റ്റാൻലി വാഷിങ്ടൺ (43), ഡിക്സൺ ലോറൻസ് (46), ഡെന്നിസൺ പൗലോസ് (48), കൊല്ലം പരവൂർ സ്വദേശി ഷാഹുൽ ഹമീദ് ബദറുദ്ദീൻ (49), അടൂർ സ്വദേശി ഷംസീർ അബ്ദുൽ റഹ്മാൻ (49), തമിഴ്നാട് മധുര സ്വദേശി ജീവ റക്കു (22), നമ്പുതലൈ സ്വദേശികളായ പ്രദീശ്വരൻ പെരിയസ്വാമി (22), വസന്ത് അർബുത്കനി (23) എന്നിവരാണ് ജയിലിലടയ്ക്കപ്പെട്ട പ്രവാസി മീൻപിടിത്തക്കാർ. ‘ജെ.എഫ്. 40’ എന്ന ബോട്ടിലായിരുന്നു ഇവർ കടലിൽപ്പോയത്.
ഈ മാസം 19-നാണ് ഇവർ ഇറാനിൽ പിടിയിലായ വിവരം കുടുംബം അറിയുന്നത്. 24-ന് സാജു ജോർജ് തന്നെ ജയിലിൽ നിന്നും നേരിട്ട് കുടുംബത്തെ വിളിച്ചു. ജയിലിൽ വലിയ ദുരിതമാണെന്നും ഒപ്പമുള്ളവരെ കാണാൻ പോലും സാധിക്കാത്ത രീതിയിലാണ് പാർപ്പിച്ചിരിക്കുന്നതെന്നുമാണ് സാജു പറഞ്ഞതെന്ന് ബന്ധുക്കൾ പറയുന്നു. ജയിലിലായവരുടെ കുടുംബങ്ങൾ കേന്ദ്രവിദേശകാര്യമന്ത്രി വി.മുരളീധരനെ കണ്ടിരുന്നു. ഇറാനിലെ ഇന്ത്യൻ എംബസിയുമായി ചർച്ച ചെയ്ത് മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു.