ഗൾഫ് കോ ഓപറേഷൻ കൗൺസിൽ (ജി സി സി) അംഗരാജ്യങ്ങൾ സൈനിക ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണെന്ന് കുവൈറ്റ് മന്ത്രാലയം. പ്രതിരോധ മന്ത്രി ഷെയ്ഖ് അബ്ദുള്ള അലി അസ്സബാഹാണ് ഇക്കാര്യം പറഞ്ഞത്. സൗദിയി തലസ്ഥാനത്ത് നടന്ന ജി സി സി പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകമെമ്പാടും നടക്കുന്ന സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിർദേശം. ജി സി സി രാജ്യങ്ങൾ സൈനിക ശേഷി വർധിപ്പിക്കേണ്ട ആവശ്യകതയെപ്പറ്റിയും അദ്ദേഹം സൂചിപ്പിച്ചു.
കൂടുതൽ പ്രതിരോധ സഹകരണം വിദേശ ഭീഷണികളെ അകറ്റി നിർത്തുന്നതിന് സഹായകമാവുമെന്നാണ് വിലയിരുത്തുന്നത്. കൂടാതെ സമ്മേളനം സംഘടിപ്പിച്ച സൗദിയെ ഷെയ്ഖ് അബ്ദുള്ള അഭിനന്ദിക്കുകയും ചെയ്തു. ഗൾഫ് അറബ് രാജ്യങ്ങളിലെ സേനകൾ തമ്മിലുള്ള ആശയ വിനിമയം ശക്തമാക്കാൻ ഇത്തരം ഒത്തുചേരലുകൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജി സി സി രാജ്യങ്ങളുടെ സംയുക്ത സൈനിക ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു.