കണ്ണൂർ: കേരളത്തിലെ അദാനിയാണ് ഊരാളുങ്കൽ സൊസൈറ്റിയെന്ന് മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി. പിണറായിയുടേയും സിപിഎം നേതാക്കളുടെ കൈയിലുള്ള കള്ളപ്പണം വെളുപ്പിക്കലാണ് ഊരാളുങ്കലിൻ്റെ പണിയെന്നും ഷാജി പറഞ്ഞു.
പ്ലസ് ടു കോഴക്കേസിൽ നേരത്തെ വിജിലൻസ് കേസെടുത്തിരുന്നുവെങ്കിലും അത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ഷാജിക്ക് കണ്ണൂരിൽ യൂത്ത് ലീഗ് സ്വീകരണമൊരുക്കിയിരുന്നു. ഈ സ്വീകരണ പരിപാടിയിൽ സംസാരിക്കുമ്പോൾ ആണ് കെഎം ഷാജി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.
അദാനിയെ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കള്ളപ്പണം വെളുപ്പിക്കും പോലെയാണ് പിണറായി വിജയനും സിപിഎം സഖാക്കളും ഊരാളുങ്കലിനെ ഉപയോഗിക്കുന്നത്. കേരളത്തിലെ പ്രധാന റോഡുകളുടെയെല്ലാം നിർമ്മാണ കരാർ ലഭിക്കുന്ന ഊരാളുങ്കലിനാണെന്നും അങ്ങനെയൊരു ബന്ധമാണ് സിപിഎം നേതാക്കളും ഊരാളുങ്കലും തമ്മിലുള്ളതെന്നും ഷാജി പറഞ്ഞു.
പിണറായിയിലെ മുഖ്യമന്ത്രിയുടെ വീട്ടിൻ്റെ നമ്പർ ഔട്ട് ഹൌസിനും ഔട്ട് ഹൌസിൻ്റഫെ നമ്പർ വീടിനുമാണ് നൽകിയിരിക്കുന്നതെന്നും ഷാജി ആരോപിച്ചു.
അതേസമയം അദാനിയോട് മത്സരിക്കാൻ ശേഷിയുള്ള കമ്പനിയാണ് ഊരാളുങ്കലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കെ.എം ഷാജിക്ക് മറുപടിയായി പറഞ്ഞു. ഊരാളുങ്കലിനെ തകർക്കാനാണ് പ്രതിപക്ഷത്തിൻ്റെ ശ്രമമെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. കള്ളപ്പണം വെളുപ്പിക്കൽ കെഎം ഷാജിയുടെ ശീലമാണെന്നും എന്നാൽ ആ പണി ഊരാളുങ്കൽ ചെയ്യുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു.