എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിന് പിന്നാലെ അവരുടെ മൂത്തമകൻ ചാൾസ് ബ്രിട്ടന്റെ അടുത്ത രാജാവായി സ്ഥാനമേറ്റെടുത്തു. ബ്രിട്ടന്റെ രാജാവാകുന്ന ഏറ്റവും പ്രായം കൂടിയ ആളാണ് ചാൾസ്. 73ാം വയസിലാണ് ചാൾസ് അധികാരമേറ്റെടുക്കുന്നത്. ചക്രവർത്തിയാകുന്നതോടെ അദ്ദേഹം ചാൾസ് മൂന്നാമൻ എന്ന പേര് ഏറ്റെടുക്കും.
തന്റെ കാലശേഷം മകൻ ചാൾസ് രാജകുമാരൻ ബ്രിട്ടനിലെ രാജാവാകുമ്പോൾ, അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ കാമിലയെ രാജ്ഞിയെന്നു വിളിക്കാമെന്നു എലിസബത്ത് രാജ്ഞി നേരത്തെ പറഞ്ഞിരുന്നു. രാജ്ഞിയുടെ എഴുപതാം ഭരണവാർഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് ചാൾസിന്റെ രണ്ടാം ഭാര്യ കാമിലയ്‌ക്ക് ക്വീൻ കൊൻസൊറ്റ്’ (രാജപത്‌നി) പദവി മുൻകൂട്ടി സമ്മാനിച്ചത്. ബ്രിട്ടിഷ് ഭരണകാലത്ത് ഇന്ത്യയിൽ നിന്ന് കടത്തിക്കൊണ്ടുപോയ 105 കാരറ്റ് വരുന്ന കോഹിനൂർ രത്‌നം അലങ്കരിച്ച രാജ കിരീടം ഇനി കാമിലയുടെ കൈവശമെത്തും.
അതേസമയം എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ യുകെയിൽ പത്തുദിവസം ഔദ്യോഗിക ദുഃഖാചരണം ആചരിക്കും. ഇന്നലെ രാത്രി സ്കോട്‌ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിലായിരുന്നു രാജ്ഞിയുടെ അന്ത്യം. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡോക്ടർമാരുടെ പരിചരണത്തിലായിരുന്നു. 1952 ലായിരുന്നു എലിസബത്ത് 2 ന്റെ കിരീടധാരണം. ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും അധികം കാലം അധികാരത്തിലിരുന്ന ഭരണാധികാരിയായിരുന്നു. തുടർച്ചയായി 70 വർഷം ഇവർ അധികാരത്തിലിരുന്നു.