കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മദ്യക്കടത്ത്. ഒരു ഷിപ്പിംഗ് കണ്ടെയ്‌നറിൽ ഒളിപ്പിച്ച ഇറക്കുമതി ചെയ്ത മദ്യം കടത്താനുള്ള ശ്രമം കുവൈത്ത് അധികൃതർ പരാജയപ്പെടുത്തി. മദ്യക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തു. കുവൈത്തിലെ ഷുഐബ പോർട്ടിൽ ഒരു ഗൾഫ് രാജ്യത്ത് നിന്ന് എത്തിയ കണ്ടെയ്നർ സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ വളരെ വിദഗ്ധമായി രഹസ്യ അറയിൽ ഒളിപ്പിച്ച മദ്യക്കുപ്പികൾ കണ്ടെത്തുകയായിരുന്നു.
തുടർന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഫോർ ഡ്രഗ് കൺട്രോളുമായി ഏകോപിച്ച് കണ്ടെയ്നർ സ്വീകരിക്കാനെത്തിയവരെ പിടികൂടുകയായിരുന്നു. ഹനീഫ മുളേരി നാടു വെലൈലി, പണിക വീട്ടിൽ ജവാർ ജാസർ എന്നീ രണ്ട് പേരെയാണ് അധികൃതർ അറസ്റ്റ് ചെയ്തത്. ഇന്ത്യയിൽ നിന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് കരുതപ്പെടുന്ന സഹീർ എന്ന വ്യക്തിയുടെ നിർദ്ദേശപ്രകാരമാണ് തങ്ങൾ പ്രവർത്തിച്ചിരുന്നതെന്ന് ഇവർ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. പ്രതികളെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.