എറണാകുളം: പാലക്കാട് – തൃശ്ശൂർ – കൊച്ചി ദേശീയപാതയിൽ പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിവ് തടഞ്ഞ് കേരള ഹൈക്കോടതി. ദേശീയപാതയിലെ കനത്ത ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് ഹൈക്കോടതിയുടെ തീരുമാനം. ഒരു മാസത്തേക്കാണ് ടോൾ പിരിവ് തടഞ്ഞത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റേതാണ് ഉത്തരവ്.
കൊച്ചി – തൃശ്ശൂർ ദേശീയപാതയിൽ പലയിടത്തായി നാലിടത്തായി അടിപ്പാതകളുടെ പണി നടക്കുകയാണ്. ഇതേ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുന്ന അവസ്ഥയാണ്. നാലാഴ്ചയ്ക്ക് ശേഷം സ്ഥിതിഗതികൾ പരിഗണിച്ച് ടോൾ പിരിവ് തുടരുന്ന കാര്യത്തിൽ ഹൈക്കോടതി തീരുമാനമെടുക്കും. മൂന്നാഴ്ച കൊണ്ട് നിർമ്മാണം പൂർത്തിയാക്കും എന്നാണ് എൻഎച്ച്ഐഎ ഹൈക്കോടതിയെ അറിയിച്ചത്.
ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവിൽ സന്തോഷമുണ്ടെന്നും സാധാരണക്കാരന്‍റെ വിജയമാണിതെന്നും ഹര്‍ജിക്കാരന്‍ ഷാജി കോടങ്കണ്ടത്തിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെ കരാർ കമ്പനി കോടതിയെ പോലും വെല്ലുവിളിക്കുകയായിരുന്നു. ഒരു മാസത്തേക്ക് എങ്കിലും ടോൾ പിരിവ് നിർത്തിവയ്ക്കാനയതിൽ സന്തോഷമുണ്ടെന്നും ഷാജി കോടങ്കണ്ടത്തിൽ കൂട്ടിച്ചേര്‍ത്തു.