തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്ന് കേരളത്തിലെ രാഷ്ട്രീയ പാർട്ടികളിൽ സീറ്റുവിഭജനത്തിലും സ്ഥാനാർത്ഥി നിർണയത്തിലും ഒരേസമയം ചർച്ചകൾ തുടരുകയാണ്. ഏറ്റവും സുരക്ഷിതമായ സീറ്റുകൾക്കും, പോരാട്ടസാധ്യതയുള്ള സീറ്റുകളിൽ കരുത്തനായ സ്ഥാനാർത്ഥിക്കും വേണ്ടിയുള്ള അന്വേഷണമാണ് തുടരുന്നത്. മുൻ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായിരുന്ന പല നയങ്ങളും നിലപാടുകളും മാറ്റിവച്ചാണ് പാർട്ടികൾ ജയം തേടി കളത്തിലേക്ക് ഇറങ്ങുന്നത്. ഫെബ്രുവരി പകുതിയോടെ തന്നെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചിത്രം ഏതാണ്ടൊക്കെ തെളിഞ്ഞേക്കും. അരനൂറ്റാണ്ടിലേറെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന ചില നേതാക്കളുടെ പടിയിറക്കവും ഇക്കുറി കാണാം.
ലോക്സഭാ തെരഞ്ഞെടുപ്പിനും തദ്ദേശതെരഞ്ഞെടുപ്പിനും തിരിച്ചടി വാങ്ങിയ സിപിഎമ്മും ഇടതുമുന്നണിയും അതീവ കരുതലോടെയാണ് മുന്നോട്ട് നീങ്ങുന്നത്. രണ്ട് തവണ മത്സരിച്ചവരെ ഒഴിവാക്കിയ വ്യവസ്ഥ ഇക്കുറി പാർട്ടി പിൻവലിക്കുമെന്നാണ് എല്ലാ സൂചനകളും. പാർലമെൻ്ററി രാഷ്ട്രീയത്തിൽ നിന്നും മാറി നിന്ന നിരവധി നേതാക്കളും കഴിഞ്ഞ മൂന്ന് ലോക്സഭാ തെരഞ്ഞെടുപ്പുകളിലായി പരാജയപ്പെട്ട പല ഇടത് നേതാക്കളും ഇക്കുറി അങ്കത്തട്ടിലുണ്ടാവും.
ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും നേമം സീറ്റിൽ ശിവൻകുട്ടി തുടരും എന്നത് വ്യക്തമായിട്ടുണ്ട്. അവിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇതിനോടകം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്. നേമത്ത് സാന്നിധ്യം സജീവമാക്കി ശിവൻകുട്ടി കളത്തിലേക്കിറങ്ങും. മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർക്ക് ഇനി സീറ്റ് നൽകേണ്ടതില്ലെന്നാണ് സിപിഎമ്മിലെ നിലവിലെ ധാരണ. എലത്തൂർ, കണ്ണൂർ സീറ്റുകൾ സിപിഎം ഏറ്റെടുക്കാനാണ് സാധ്യത.
മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള പി.ശശി, എ.പ്രദീപ് കുമാർ എന്നിവരും മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനും മുൻ മന്ത്രി തോമസ് ഐസക്കും മത്സരരംഗത്തേക്ക് തിരിച്ചെത്താനാണ് സാധ്യത. സെക്രട്ടേറിയറ്റ് അംഗം ദിനേശൻ പുത്തലത്ത്, എം സ്വരാജ് എന്നിവരുടെ പേരുകളും ചർച്ചകളിലുണ്ട്. കെ.കെ ശൈലജയ്ക്കും മത്സരിക്കാൻ തടസ്സങ്ങളില്ല.
മുഖ്യമന്ത്രി മൂന്നാമത്തും ധർമ്മടത്ത് മത്സരിക്കുമോ അതോ മത്സരിക്കാതെ തെരഞ്ഞെടുപ്പ് നയിക്കുമോ എന്നതാണ് ഉദ്വേഗം ജനിപ്പിക്കുന്ന ചോദ്യം ഇക്കാര്യത്തിൽ ഇതുവരെയൊരു തീരുമാനം വന്നിട്ടില്ല. അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത് തന്നെയാവും.
കോൺഗ്രസ് ക്യാംപിൽ കെ.മുരളീധരൻ ഗുരുവായൂരിൽ മത്സരിക്കണമെന്ന നിർദേശം പാർട്ടി നേതൃത്വത്തിൽ വന്നിട്ടുണ്ട്. കാലങ്ങളായി മുസ്ലീംലീഗ് മത്സരിക്കുന്ന ഈ സീറ്റ് ഇടതുമുന്നണിയുടെ കുത്തകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂരിൽ യുഡിഎഫ് മുന്നിൽ വന്നതോടെ ഫൈറ്റിംഗ് സീറ്റായിട്ടാണ് കോൺഗ്രസ് ഗുരുവായൂർ കാണുന്നത്. ജില്ലയിൽ ഒരു കോൺഗ്രസ് എംഎൽഎ ഉറപ്പായും വേണം എന്ന താത്പര്യവും മുരളീധരന്റെ വരവിന് സമ്മർദ്ദമേറ്റുന്നു.
യുഡിഎഫിലേക്ക് എത്തിയ പി.വി അൻവർ ബേപ്പൂർ സീറ്റിൽ മന്ത്രി മുഹമ്മദ് റിയാസിനെതിരെ മത്സരിക്കാൻ രംഗത്തുണ്ട്. അൻവർ തൃണമൂൽ സ്ഥാനാർത്ഥിയായി മത്സരിക്കുമോ ലീഗ് സ്വതന്ത്രനാവുമോ എന്ന സസ്പെൻസും ബാക്കിയാണ്. കോൺഗ്രസ് മത്സരിച്ചു പോരുന്ന ബേപ്പൂർ സീറ്റ് ഏറ്റെടുത്ത് തങ്ങളുടെ സീറ്റായ തിരുവമ്പാടി അവർക്ക് നൽകണമെന്ന താത്പര്യം ലീഗിനുണ്ട്. തിരുവമ്പാടി സീറ്റിൽ മലപ്പുറം ഡിസിസി പ്രസിഡൻ്റ് വി.എസ് ജോയ് മത്സരിക്കുമെന്ന അഭ്യൂഹം നിലമ്പൂർ തെരഞ്ഞെടുപ്പ് മുതൽ രംഗത്തുണ്ട്. എം.കെ മുനീർ കോഴിക്കോട് സൗത്തിൽ മത്സരിക്കാനാണ് സാധ്യത. അദ്ദേഹം മാറിയാൽ കൊടുവള്ളിയിൽ പി.കെ ഫിറോസ് എത്തും. കുന്ദമംഗലം സീറ്റ് കോൺഗ്രസിന് തിരിച്ചു നൽകണമെന്ന അഭിപ്രായം ലീഗിനുണ്ട്. പേരാമ്പ്ര,തവനൂർ സീറ്റുകളിലും ചർച്ചകൾ നടക്കുന്നു.
എംപിമാരായ അടൂർ പ്രകാശ്, കെ.സുധാകരൻ, ഹൈബി, ബെന്നി എന്നിവർക്ക് മത്സരിക്കാൻ താത്പര്യമുണ്ടെന്ന സൂചനകൾ പുറത്തു വരുന്നുണ്ട്. കാൽനൂറ്റാണ്ടായി പാർട്ടിക്ക് എംഎൽഎമാരില്ലാത്ത കോഴിക്കോട്ട് എം.കെ രാഘവൻ എംപിയെ കളത്തിലിറക്കണമെന്ന അഭിപ്രായം ഡിസിസിയിൽ ഒരു വിഭാഗം മുന്നോട്ട് വയക്കുന്നു. ഡിസിസി പ്രസിഡൻ്റ് കെ.പ്രവീൺ കുമാർ നാദാപുരത്ത് മത്സരത്തിന് ഇറങ്ങാനാണ് സാധ്യത.




