നടനും പത്തനാപുരം എംഎൽഎ യുമായ കെ.ബി ഗണേഷ് കുമാറിന് യുഎഇ ഗോൾഡൻ വിസ. കലാകാരനും പൊതുപ്രവർത്തകനും എന്ന നിലയിൽ യുഎഇ സർക്കാർ നൽകിയ അംഗീകാരമായാണ് ഇതിനെ കാണുന്നതെന്ന് കെ.ബി ഗണേഷ് കുമാർ പറഞ്ഞു. പ്രവാസി മലയാളികൾ എല്ലാവരും ഇതിലൂടെ അംഗീകരിക്കപ്പെട്ടുവെന്ന് കരുതുന്നെന്നും ഈ ഗോൾഡൻ വിസ മറുനാടൻ മലയാളികൾക്ക് സമർപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ. ബി ഗണേഷ് കുമാറിന് നേരത്തെ യുഎഇ റസിഡന്റ് വിസ ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേയാണ് 10 വർഷത്തെ വീസ കൂടി ലഭിച്ചിരിക്കുന്നത്. ഇതിന് ഇവിടുത്തെ ഭരണാധികാരികളോട് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിസിനസുകാർക്കും വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച കലാകാരന്മാർക്കും ഗോൾഡൻ വിസ നൽകുന്നത് യു എ ഇ സർക്കാരിന്റെ ബുദ്ധിപരമായ ഇടപെടലായാണ് കാണുന്നതെന്നും കെ ബി ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു.
പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഗോൾഡൻവിസകള്‍ കാലാവധി കഴിഞ്ഞാൽ പുതുക്കി നല്‍കും. എന്നാൽ ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ പിന്നീട് ഇളവ് വരുത്തിയിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് ഇതിലൂടെ യുഎഇ ലക്ഷ്യമിടുന്നത്.
കൂടുതൽ ബിസിനസുകാരെ രാജ്യത്തേയ്ക്ക് ആകർഷിച്ച് നിക്ഷേപം കൂട്ടാനും അതുവഴി രാജ്യത്തിന് കൂടുതൽ വളർച്ച കൈവരിക്കാനുമുള്ള പ്രായോഗികവും ആധുനികവുമായ നീക്കമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് മുൻപേ മലയാളത്തിലെ നിരവധി ചലച്ചിത്ര പ്രവർത്തകർ ഗോൾഡൻ വീസയുടെ പ്രക്രിയകൾ നടത്തിയ ഇസിഎച് ഡിജിറ്റൽ മുഖേനയായിരുന്നു ഗണേഷ് കുമാറിനും വിസ ലഭിച്ചത്. ഇസിഎച് ഡിജിറ്റലിന്റെ ഓഫീസിൽ വച്ച് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് അദ്ദേഹം വീസ പതിച്ച എമിറേറ്റ്സ് ഐഡി ഏറ്റുവാങ്ങി. ചടങ്ങിൽ കെ.ബി ഗണേഷ്കുമാർ എം എൽ എ യുടെ ഭാര്യ ബിന്ദുവും പങ്കെടുത്തു.