വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കാപ്പ ചുമത്താന്‍ പോലീസ് നിര്‍ദേശിച്ചു. ഫര്‍സീന്‍ മജീദിനെതിരെയാണ് കുറ്റം ചുമത്തിയിട്ടുള്ളത്. വധശ്രമം അടക്കമുള്ള വകുപ്പുകൾ ഇതിൽ ഉൾപ്പെടും.
ഡി ഐ ജി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലാ കലക്ടറിന്റെ അനുമതിയോടെയാണ് പോലീസ് ഫർസീനെതിരെ കാപ്പ ചുമത്തിയത്. ജില്ലയിലെ ക്രമസമാധനത്തിന് വെല്ലുവിളിയാവും വിധം അക്രമകാരിയാണ് ഇയാൾ എന്നാണ് കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഇത് സംബന്ധിച്ച നോട്ടീസ് ഫർസീന് അയച്ചിരുന്നതായി അധികൃതർ പറയുന്നു.
അഭിഭാഷകന്റെ സഹായത്തോടെ സ്വന്തം ഭാഗം വിശദീകരിക്കാനുള്ള അവകാശം ഫർസീന് നൽകിയിട്ടുണ്ട്. 2018 മുതൽ മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള വിവിധ കേസുകളുടെ വിവരങ്ങൾ കൂടി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ രാഷ്ട്രീയപരമായി പകവീട്ടുകയാണ് ഈ നടപടിയിലൂടെ പോലീസും സർക്കാരും ചെയ്യുന്നതെന്നാണ് ഫർസീനും കോൺഗ്രസ് നേതാക്കളും പറയുന്നത് .