കണ്ണൂര്‍ കക്കാട് പതിനഞ്ചുകാരിയെ പകല്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം. സ്‌കൂളിലേക്ക് പോകുന്നതിനിടെ ഇടവഴിയില്‍ വെച്ചാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്.
കാറിലെത്തിയ നാലംഗ സംഘമാണ് കുട്ടിയെ പിടികൂടി കൊണ്ടു പോകാന്‍ ശ്രമിച്ചത്. നാല് പേരും മുഖം മൂടി ധരിച്ചിരുന്നു. സ്‌കൂള്‍ യൂനിഫോമിലായിരുന്ന പെണ്‍കുട്ടിയെ കാറിലുണ്ടായിരുന്ന നാല് പേര്‍ പിടിച്ച് വലിച്ച് കാറില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി കുതറിയോടിയതുകൊണ്ടാണ് രക്ഷപ്പെടാനായത്.
കണ്ണൂര്‍ കക്കാട് നിന്ന് പള്ളിക്കുന്നിലേക്ക് പോകുന്ന വഴിയില്‍ വെച്ചാണ് സംഭവം. കുട്ടിയെ കാറിലേക്ക് കയറ്റാന്‍ ശ്രമിക്കുമ്പോള്‍ സമീപത്ത് ആളുകള്‍ ഉണ്ടായിരുന്നില്ല. പെണ്‍കുട്ടി രക്ഷപ്പെട്ടതിന് പിന്നാലെ ശബ്ദം കേട്ട് ആള്‍ക്കാര്‍ ഓടിക്കൂടുന്നതും എതിര്‍ ദിശയില്‍ ഓട്ടോറിക്ഷ വരുന്നതും കണ്ട് കാര്‍ തിരികെ പോവുകയായിരുന്നു.
പേടിച്ചോടിയ പെണ്‍കുട്ടി സമീപത്തുണ്ടായിരുന്ന കടയിലേക്ക് ഓടികയറി. സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചു. നേരത്തെയും ഇതേ പ്രദേശത്ത് സ്‌കൂളിലേക്ക് പോയ മറ്റൊരു കുട്ടിയെ ഒമിനി കാറില്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചിരുന്നു.