തിരുവനന്തപുരം: ശബരിമലയിൽ കഴിഞ്ഞ ദിവസമുണ്ടായ തിരക്ക് ഇനി ആവർത്തിക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാർ. സന്നിധാനത്ത് ദർശനം നടത്താൻ കഴിയാതെ മാല ഊരിയവരോട് മാപ്പ് ചോദിക്കുന്നതായും കെ ജയകുമാർ പറഞ്ഞു.
സീസണിലെ ആദ്യ രണ്ട് ദിനങ്ങളിൽ ഭക്തർക്ക് പലർക്കും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട് എന്നത് സത്യമാണ്. തിരക്ക് നിയന്ത്രിക്കാനുള്ള ഏകോപനത്തിൽ പ്രശ്നം ഉണ്ടായിട്ടുണ്ട്. മുൻകാലങ്ങൾ പരിശോധിച്ചാൽ മണ്ഡലകാലത്തിൻ്റെ തുടക്കത്തിൽ ഇത്രയും തിരക്ക് അനുഭവപ്പെടാറില്ല. അതിനാൽ ആരും ഇത്രയും ജനതിരക്ക് പ്രതീക്ഷിച്ചില്ല.
ചില നിയന്ത്രണങ്ങൾ പൊതുനന്മ കരുതി ശക്തമായി നടപ്പാക്കിയാലേ പറ്റൂ. പമ്പയിലും നിലയ്ക്കലും നിയന്ത്രണം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ബുക്ക് ചെയ്ത ദിവസങ്ങളിൽ മാത്രം ഭക്തർ ശബരിമലയിലേക്ക് വരണം. എല്ലാ ഭാഷകളിലും പരസ്യം നൽകും. മുൻ ബോർഡിന് വീഴ്ച പറ്റിയെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ചില തീരുമാനങ്ങൾ പ്രായോഗിക തലത്തിൽ വന്നില്ലെന്നും കെ ജയകുമാർ പറഞ്ഞു.
അതേസമയം, ശബരിമലയിൽ ഇന്നലെയുണ്ടായ അനിയന്ത്രിതമായ തിരക്കിൽ ദേവസ്വം ബോർഡിനെ ഹൈക്കോടതി ശക്തമായി വിമർശിച്ചു. ഒരു ദുരന്തം വരുത്തിവയ്ക്കരുതെന്നും എന്ത് കൊണ്ട് ഏകോപനം ഉണ്ടായില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് കോടതി ചോദിച്ചു. സന്നിധാനത്ത് ഇന്നലെ ഏകോപനം ഉണ്ടായില്ലെന്ന് വ്യക്തമാക്കിയാണ് ദേവസ്വം ബോർഡിനെ ഹൈക്കോടതി വിമർശിച്ചത്.




