കെ ഫോണ്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നൽകുന്ന സൗജന്യ കണക്ഷനിൽ സംവരണം ഏർപ്പെടുത്തി സംസ്ഥാന സര്‍ക്കാർ. പട്ടിക വര്‍ഗ വിഭാഗക്കാർക്ക് മൂന്ന് ശതമാനം, പട്ടികജാതി വിഭാഗക്കാർക്ക് പത്ത് ശതമാനം എന്ന രീതിയിലാണ് സംവരണം ഏര്‍പ്പെടുത്തുന്നത്.
എസ് സി വിഭാഗത്തിൽ നിന്നും കുറവ് കുടുംബങ്ങൾ ആണ് പദ്ധതി ലഭ്യമാക്കുന്നതെങ്കിൽ അതിൽ നിന്നും 10 ശതമാനം കൂടി എസ്ടി വിഭാഗത്തിന് നല്‍കും. അതേസമയം എസ്ടി വിഭാഗമില്ലെങ്കിൽ വരുന്ന മൂന്ന് ശതമാനം അതേ നിയോജക മണ്ഡലത്തിലെ എസ് സി വിഭാഗക്കാര്‍ക്കും നൽകുന്ന രീതിയിലാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത് . ഒരു നിയോജക മണ്ഡലത്തില്‍ ഈ രണ്ടുവിഭാഗവുമില്ലെങ്കില്‍ അത് മുഴുവനായും ജനറല്‍ കാറ്റഗറിയിൽ ഉൾപ്പെടുത്തും.
ഒരൊ നിയോജക മണ്ഡലത്തിലുമുള്ള നൂറ് ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കണക്ഷന്‍ നല്‍കുന്നതിനാണ് ആദ്യം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. പിന്നീട് ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന പദ്ധതിയിൽ ആദ്യം ഒരു നിയോജകമണ്ഡലത്തില്‍ നിന്നുള്ള പതിനാലായിരം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കണക്ഷന്‍ എന്ന രീതിയിലേക്ക് മാറ്റി. 30,000 ത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കെ ഫോണിന്റെ സേവനം ലഭ്യമാക്കുമെന്നും സർക്കാർ അറിയിച്ചു.





