ഇന്ത്യയിലെ മെട്രോ റെയിൽവേ സ്റ്റേഷനുകളുടെ നിർമ്മാണത്തെ വിമർശിച്ച് ജെറ്റ് എയർവേസ് സിഇഒ സഞ്ജീവ് കപൂർ. ഇന്ത്യയിലേയും ദുബായിയിലേയും മെട്രോ സ്റ്റേഷനുകളെ താരതമ്യം ചെയ്തുകൊണ്ടായിരുന്നു സഞ്ജീവ് കപൂറിന്റെ വിമർശനം.
ഇന്ത്യൻ മെട്രോ സ്റ്റേഷനുകളുടെ വാസ്തുവിദ്യ മോശമാണെന്ന അഭിപ്രായമാണ് ട്വീറ്റിലൂടെ അദ്ദേഹം പ്രകടിപ്പിച്ചത്. മാർച്ച് 25ന് ബെംഗളൂരു മെട്രോയുടെ പർപ്പിൾ ലൈൻ (വൈറ്റ്ഫീൽഡ്–കെആർ പുരം മെട്രോ റൂട്ട്) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് സഞ്ജീവ് കപൂറിന്റെ ട്വീറ്റ് എന്നതും ശ്രദ്ധേയമാണ്.
‘ബെംഗളൂരു, ഗുരുഗ്രാം, കൊൽക്കത്ത എന്തുകൊണ്ടാണ് നമ്മുടെ ഓവർഗ്രൗണ്ട് / ഓവർഹെഡ് മെട്രോ സ്റ്റേഷനുകൾ ‘കലാപരമായതൊന്നുമില്ലാത്ത, കണ്ണിനു വെറുപ്പേകുന്ന കോൺക്രീറ്റ് വസ്തു’വായി മാറിയത്? ദുബായ് മെട്രോയെ ശ്രദ്ധിക്കൂ. 10 വർഷം മുൻപെങ്കിലുമാണ് ദുബായ് സ്റ്റേഷൻ പണിതത്,’ സഞ്ജീവ് കപൂർ ട്വീറ്റ് ചെയ്തു. ബെംഗളൂരുവിലേയും ദുബായിയിലേയും മെട്രോ സ്റ്റേഷനുകളുടെ ചിത്രം ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു സഞ്ജീവ് കപൂറിന്റെ വിമർശനം.