ബ്രിട്ടനിലെ ധനമന്ത്രി ക്വാസി ക്വാർടെങ് പുറത്തായി. പകരം മുൻ വിദേശകാര്യമന്ത്രിയായിരുന്ന ജെറമി ഹണ്ട് പുതിയ ധനമന്ത്രിയായി ചുമതലയേറ്റു. പ്രധാനമന്ത്രി ലിസ് ട്രസാണ് ജെറമിയെ ധനമന്ത്രിയായി നിയമിച്ചത്. മിനിബജറ്റിലെ നികുതി ഇളവുകളുടെ പ്രഖ്യാപനം മൂലം സാമ്പത്തികരംഗത്തുണ്ടായ തിരിച്ചടികളുടെ പശ്ചാത്തലത്തിലാണ് ക്വാർട്ടെങ്ങിനെ ധനമന്ത്രി സ്ഥാനത്ത് നിന്നും നീക്കിയത്. ധനമന്ത്രിയായി ആറാഴ്ച തികയും മുൻപേ ക്വാർട്ടെങ്ങിന് സ്ഥാനം നഷ്ടമായി. ആരോഗ്യവകുപ്പ് കൈകാര്യം ചെയ്തിട്ടുള്ള ഹണ്ട് പാർട്ടി നേതൃമത്സരത്തിൽ ട്രസിന്റെ എതിരാളിയായിരുന്ന ഋഷി സുനകിനെയായിരുന്നു പിന്തുണച്ചത്.
വാഷിങ്ടണിൽ ഐഎംഎഫ് യോഗത്തിൽ പങ്കെടുക്കാൻ പുറപ്പെടുകയായിരുന്ന ക്വാർട്ടെങ്ങിനെ തിരിച്ചുവിളിച്ചതിന് ശേഷം പ്രധാനമന്ത്രി രാജി ആവശ്യപ്പെടുകയായിരുന്നു. അതേസമയം ധനസഹമന്ത്രി ക്രിസ് ഫിലിപ്പിനെയും സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്. പകരം എഡ്വേഡ് ആർഗറെ നിയമിച്ചു.
നികുതിഇളവുകൾക്കെതിരെ കൺസർവേറ്റീവ് പാർട്ടിയിൽ വലിയ വിമർശനം ഉയർന്നിരുന്നു. ധനമന്ത്രിയെ പുറത്താക്കിയതോടെ പ്രഖ്യാപനങ്ങളിലേറെയും പിൻവലിക്കുമെന്ന് ട്രസ് വ്യക്തമാക്കി. ഇളവു ചെയ്ത കോർപറേറ്റ് നികുതി ഉയർത്തുമെന്നും പറഞ്ഞു. ആഗോള വിപണിയിലും പ്രത്യാഘാതമുണ്ടാക്കിയ ധനനയത്തിൽനിന്നു സർക്കാർ പിന്നാക്കം പോകുന്നുണ്ട്. ഇതിനിടെ, ട്രസിനെ നീക്കി ഋഷി സുനകിനെ നേതാവായി കൊണ്ടുവരാൻ വിമതർ നീക്കം തുടങ്ങിയതായും സൂചനകൾ നിലനിൽക്കുന്നു.