ടെൽഅവീവ്: ഇറാനിൽ ഇസ്രായേൽ അതിശക്തമായ ആക്രമണം നടത്തിയതിനു പിന്നാലെ, ഇസ്രായേൽ വ്യോമപാത അടച്ചു; എല്ലാ സിവിലിയൻ വിമാനങ്ങളും റദ്ദാക്കിയതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ഇസ്രായേലിലെങ്ങും സൈറനുകൾ മുഴങ്ങി. ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങൾ വിട്ട് പുറത്തേക്കിറങ്ങരുതെന്ന് സുരക്ഷാ സേന അറിയിച്ചു.
അതേസമയം രാവിലെയുണ്ടായ ഇസ്രയേൽ ആക്രമണത്തിന് മറുപടിയായി ഇറാൻ പ്രത്യാക്രമണം ആരംഭിച്ചു. മുപ്പത് ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ ഇസ്രയേലിന് നേരെ തൊടുത്തു വിട്ടുവെന്നാണ് റിപ്പോർട്ട്. ഇവയിൽ ആറോളം മിസൈലുകൾ ഇസ്രയേൽ മിസൈൽ പ്രതിരോധ സംവിധാനം തകർത്തെങ്കിലും ചില മിസൈലുകൾ ഇസ്രയേലിൽ പതിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഇസ്രയേൽ – ലെബനൻ അതിർത്തിയിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയെന്ന് വ്യക്തമായിട്ടുണ്ട്.
അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊതുജനങ്ങൾ വിമാനത്താവളങ്ങളിലേക്ക് വരരുതെന്ന് ഇസ്രായേൽ ഗതാഗത മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. വിദേശത്തുള്ള ഇസ്രായേൽ പൗരന്മാർ നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ നിർദ്ദേശങ്ങളും ശുപാർശകളും പാലിക്കണം. സുരക്ഷാ സാഹചര്യം മാറിയാൽ വ്യോമപാത വീണ്ടും തുറക്കുകയും ഇസ്രായേലിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുകയും ചെയ്യുമെന്നും അറിയിപ്പിൽ പറയുന്നു.
ഇറാനും അമേരിക്കയും തമ്മിൽ നാലാം ഘട്ട സമാധാന ചർച്ച അടുത്ത ആഴ്ച വിയന്നയിൽ നടക്കാനിരിക്കെയാണ് ഇസ്രായേൽ ഇറാനിൽ ആക്രമണം നടത്തിയത്. മുൻകരുതൽ ആക്രമണം എന്നാണ് ഇസ്രായേൽ ഇതിനെ വിശേഷിപ്പിച്ചത്.
അമേരിക്കയും ഇസ്രായേലും സംയുക്തമായാണ് മിസൈൽ ആക്രമണം നടത്തിയത്. ഇക്കാര്യം യു എസ്, ഇസ്രായേൽ സൈനികൃ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് സ്‌ഫോടനങ്ങൾ നടന്നതായാണ് റിപ്പോർട്ടുകൾ. സ്ഫോടനത്തിൽ എന്തൊക്കെ നാശനഷ്ടങ്ങൾ ഉണ്ടായി എന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.




