കഴിഞ്ഞ 2 വർഷങ്ങളിൽ ദുബായ് പൊലീസ് പിടികൂടിയത് 597 രാജ്യാന്തര കുറ്റവാളികളെ. 101 രാജ്യങ്ങളിൽ നിന്നുള്ള പിടികിട്ടാപ്പുള്ളികളാണിവരെന്നു ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു. ദുബായ് പൊലീസ് വേൾഡ് ട്രേഡ് സെന്ററിൽ സംഘടിപ്പിച്ച ത്രിദിന ദുബായ് –വേൾഡ് പൊലീസ് ഉച്ചകോടിയുടെ രണ്ടാം പതിപ്പിന്റെ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാജരേഖ ചമയ്ക്കൽ, മോഷണം, ആസൂത്രിത കൊലപാതകം, സായുധ കവർച്ച, ആഭരണ മോഷണം തുടങ്ങി വിവിധ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി വിദേശത്ത് തിരയുന്ന 85 പിടികിട്ടാപ്പുള്ളികളെ പൊലീസ് തിരിച്ചയച്ചിട്ടുണ്ടെന്നും ലഫ്. ജനറൽ അൽ മർറി വ്യക്തമാക്കി.
ദുബായ് പൊലീസിന്റെ രാജ്യാന്തര സഹകരണത്തെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. അന്താരാഷ്ട്ര ഏജൻസികളുമായുള്ള ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തിന്റെ ഭാഗമായി, ദുബായ് പോലീസ് 195 രാജ്യങ്ങളിലെ സർക്കാരിനും 60 നിയമ നിർവ്വഹണ ഏജൻസികൾക്കും സംഘടനകൾക്കും 9,012 ഇന്റലിജൻസ്, ക്രിമിനൽ വിവരങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2022-ൽ ഡെസേർട്ട് ലൈറ്റ് ഓപ്പറേഷൻ, 2021-ൽ ദ് ഗോസ്റ്റ് ഓപ്പറേഷൻ, 2020-ൽ മിൽസ്ട്രീം, 2020-ൽ ലോസ് ബ്ലാങ്കോസ് എന്നിവ ഉൾപ്പെടുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട സംയുക്ത പ്രവർത്തനങ്ങൾ. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യാന്തര കുറ്റവാളികളിൽ നിന്ന് 517,981,823 ദിർഹം പൊലീസ് പിടിച്ചെടുത്തെന്നും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ (സിഐഡി) ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.