യുക്രൈൻ അധിനിവേശവുമായി ബന്ധപ്പെട്ട് നടന്ന അതിക്രമങ്ങളുടെ ഉത്തരവാദിത്തം ആരോപിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനെതിരെ അറസ്റ്റ് വാറന്‍റ്. യുക്രൈനിൽ നിന്ന് അനധികൃതമായി കുട്ടികളെ നാടുകടത്തുവെന്നതാണ് പുടിനെതിരെ ഉയർത്തുന്ന പ്രധാന ആരോപണം. റഷ്യൻ ഫെഡറേഷനിലെ ചിൽഡ്രൻസ് റൈറ്റ്സ് കമ്മീഷൻ പ്രസിഡന്റായ മരിയ ബിലോവയ്ക്കും പുടിനൊപ്പം വിലക്ക് ഏർപ്പെടുത്തി. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ പരിധിയിൽ പെടുന്ന 123 രാജ്യങ്ങളിൽ എവിടെയെങ്കിലും കാലുകുത്തിയാൽ ഇവർ അറസ്റ്റ് ചെയ്യപ്പെടാം.അതേസമയം ഉത്തരവ് റഷ്യയ്ക്ക് ബാധകമല്ലെന്നും പുടിനെതിരെയുള്ള നീക്കം രാജ്യത്തിനെതിരെ കൂടിയാണെന്നും റഷ്യൻ അധികൃതർ പ്രതികരിച്ചു.
അന്താരാഷ്ട്ര ക്രിമിനൽ കോടതിയ്ക്ക് സ്വന്തമായി പൊലീസ് ഫോഴ്സ് ഇല്ലാത്തതിനാൽ അതാത് രാജ്യങ്ങൾ എടുക്കുന്ന തീരുമാനങ്ങൾക്ക് അനുസരിച്ചേ അറസ്റ്റുണ്ടാവാൻ സാധ്യതയുള്ളുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. എന്നാൽ റഷ്യ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ പരിധിയിൽ പെടാത്ത രാജ്യമാണ്. ഇത് പുടിന് അനുകൂലമായി മാറുമെന്നാണ് വിലയിരുത്തുന്നത്. നിലവിൽ അംഗമല്ലെങ്കിലും അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അധികാര പരിധിയിൽ വരുന്ന രാജ്യമാണ് യുക്രൈൻ.
റഷ്യയിലെ ഉന്നത ഉദ്യോഗസ്ഥരും പ്രചാരകരും ലോക കോടതിയുടെ നടപടിയിൽ രോക്ഷാകുലരായിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ നീക്കത്തെ റഷ്യൻ പ്രതിപക്ഷ നേതാക്കൾ സ്വാഗതം ചെയ്തു. വിവിധ രാജ്യങ്ങളെപ്പോലെ ഈ കോടതിയുടെ അധികാരപരിധി അംഗീകരിക്കാത്ത രാജ്യമാണ് റഷ്യ. അതുകൊണ്ട് തന്നെ നിയമപരമായ കാഴ്ചപ്പാടിൽ ഈ കോടതിയുടെ തീരുമാനങ്ങൾ അസാധുവാണെന്ന് റഷ്യൻ വക്താവ് ദിമിത്രി പറഞ്ഞു.