ഇരിങ്ങാലക്കുടയിൽ നിന്ന് സ്വതസിദ്ധമായ ഭാഷയിലൂടെയും നർമ്മ പ്രയോഗത്തിലൂടെയും മലയാള സിനിമയിലേക്കും പ്രേക്ഷക ഹൃദയങ്ങളിലേക്കും ചേക്കേറിയ വ്യക്തിത്വമാണ് ഇന്നസെൻ്റ് . സിനിമകൾക്ക് പുറമെ അനുഭവങ്ങളെ കഥകളാക്കി നർമ്മരൂപത്തിൽ അവതരിപ്പിച്ചാണ് ഇന്നസെൻ്റ് നിഷ്കളങ്കമായ ചിരിതീർത്തത്.
പഠനത്തിൽ സഹോദരങ്ങളേക്കാൾ പിന്നിലായിപ്പോയ ബാല്യത്തെക്കുറിച്ചും സ്കൂൾ ജീവിതത്തെക്കുറിച്ചുമൊക്കെ ഇന്നസെൻ്റ് നിരവധി വേദികളിൽ പറഞ്ഞിട്ടുണ്ട്. കുടുംബപരമായുണ്ടായിരുന്ന തീപ്പെട്ടി കമ്പനി നോക്കി നടത്താൻ ഏൽപ്പിച്ചതോടെ വീണ്ടും പരാജയം നേരിട്ടു. എങ്കിലും ശുഭാപ്തി വിശ്വാസത്തോടെയുളള ജീവിതം സിനിമയിലേക്ക് വഴിതുറന്നു. 1972-ൽ പുറത്തിറങ്ങിയ ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
നിർമ്മാതാവ് എന്ന നിലയിൽ സിനിമയിൽ എത്തിയെങ്കിലും പിൽക്കാലത്ത് മികച്ച ഹാസ്യനടനും സ്വഭാവനടനുമൊക്കെയായി മലയാള സിനിമയിലെ നിറ സാന്നിധ്യമായി മാറുകയായിരുന്നു ഇന്നസെൻ്റ്. പൊന്മുട്ടയിടുന്ന താറാവ്, മഴവിൽക്കാവടി, ഗാനമേള, മണിച്ചിത്രത്താഴ്, കിലുക്കം, ഗോഡ്ഫാദർ, ഗജകേസരിയോഗം, റാംജിറാവു സ്പീക്കിംഗ്, ഡോക്ടർ പശുപതി, മാന്നാർ മത്തായി സ്പീക്കിംഗ്, ദേവാസുരം, തുടങ്ങി നിരവധി സിനിമകളിൽ പകരക്കാരനില്ലാത്ത പ്രകടനമാണ് ഇന്നസെൻ്റ് കാഴ്ചവെച്ചത്. വിവിധ ഭാഷകളിലായി 750 ഓളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
2009 ൽ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് അദ്ദേഹത്തെ തേടിയെത്തി. കൂടാതെ സംസ്ഥാന സർക്കാരിൻ്റെ മികച്ച സഹനടനുള്ള അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അതേസമയം ദീർഘകാലം മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ എഎംഎംഎ (AMMA) യുടെ പ്രസിഡൻ്റായും ചുമതല വഹിച്ചു. സിനിമയ്കക്ക് പുറമെ സ്റ്റേജ് പെർഫോമൻസിലും ടിവിഷോകളിലും ഇന്നസെൻ്റ് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സിനിമാ സംഘം വിദേശത്ത് സംഘടിപ്പിച്ച കലാവിരുന്നിൽ ഇന്നസെൻ്റ് അവതരിപ്പിച്ച കാഥികനേയും പ്രക്ഷകർ മറക്കില്ല.
2013ലാണ് ഇന്നസെൻ്റിന് കാന്‍സര്‍ രോഗം പിടിപ്പെട്ടത്. എന്നാല്‍ കൃത്യമായ ചികിത്സയിലൂടെ താരം ജീവിതത്തിലേക്ക് മടങ്ങി വന്നു. തുടര്‍ന്ന് കാന്‍സര്‍ കാലത്തെ അനുഭവങ്ങളെക്കുറിച്ച് ”കാന്‍സര്‍ വാര്‍ഡിലെ ചിരി” എന്ന പുസ്തകവും അദ്ദേഹം എഴുതിയിരുന്നു. നിരവധി ഭാഷകളിലേക്ക് മൊഴി മാറ്റം നടത്തിയ പുസ്തകം നിരവധിരോഗികൾക്ക് ആശ്വസവും പ്രതീക്ഷയും പകരുന്നതായി. പുസ്തകത്തിലെ ചില ഭാഗങ്ങൾ സംസ്ഥാന സ്കൂൾപാഠവലിയുടേയും ഭാഗമായി. ചിരിക്കു പിന്നിൽ, ഞാൻ ഇന്നസെൻ്റ്, ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും തുടങ്ങി എട്ടോളം പുസ്കകങ്ങളും ഇന്നസെൻ്റിൻ്റേതായുണ്ട്.
2014 മേയിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോട് കൂടി ചാലക്കുടി നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ച ഇന്നസെൻ്റ് ലോകസഭയിലും തൻ്റെ സാനിധ്യം അറിയിച്ചു. ലോകസഭയെ മലയാളത്തിൽ അഭിവാദ്യം ചെയ്തും ഇന്നസെൻ്റ് ശ്രദ്ധനേടി. എംപി ആയതിന് ശേഷം അങ്കമാലി, ചാലക്കുടി, ആലുവ, പെരുമ്പാവൂര്‍ എന്നീ സ്ഥലങ്ങളില്‍ ക്യാൻസർ പരിശോധിക്കുന്ന മാമോഗ്രാം ചികിത്സാ കേന്ദ്രം അദ്ദേഹം സ്ഥാപിച്ചിരുന്നു. 1979ൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി കൌൺസിലറായും തെരഞ്ഞെടുക്കപ്പെട്ടു.
അർബുദത്തെ അതിജീവിച്ച ഇന്നസെൻ്റ് പുതിയ ജീവിതം ബോണസായാണ് കണ്ടത്. കാൻസറിനെ അതിജീവിച്ച ചിരി കരുത്തായാണ് കണ്ടത്. സിനിമയിലെ കഥാപാത്രങ്ങൾക്കൊപ്പം ജീവിതാനുഭവങ്ങൾകൊണ്ടും ഇന്നസെൻ്റ് മലയാളികളെ ചിന്തിപ്പിക്കുകയായിരുന്നു. അതേ ചിരികൾ സമ്മാനിച്ചുകൊണ്ടാണ് അദ്ദേഹം ആശുപത്രിയിലേക്ക് നടന്നുപോയത്. ഒടുവിൽ മരണവാർത്തയെത്തുമ്പോൾ ഇരിങ്ങാലക്കുടയുടേയും മലയാള സിനിമയുടേയും നഷ്ടത്തിലേക്ക് ആ പേരുകൂടി ചേർത്തുവയ്ക്കുകയാണ്. പ്രണാമം.