നടൻ ഇന്നസെന്‍റ് അന്തരിച്ചു. കൊച്ചിയിലെ വി പി എസ് ലേക് ഷോർ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധയുമായി ബന്ധപ്പെട്ട ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ട് ആഴ്ച മുമ്പാണ് ഇന്നസെൻ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 75 ആം വയസിലാണ് അന്ത്യം സംഭവിച്ചത്.
മാർച്ച് മൂന്ന് മുതൽ ചികിത്സയിലായിരുന്നു. കോവിഡ് ബാധയെതുടർന്നുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കൊപ്പം ആന്തരിക അവയവങ്ങൾ പ്രവർത്തനക്ഷമമല്ലാതായതും ആരോഗ്യം പ്രതികൂലമാക്കി. വിഗ്ദ്ധചികിത്സയിൽ കഴിയവേ ഹൃദയാഘാതമുണ്ടായതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. ഇന്നസെൻ്റിൻ്റെ ആരോഗ്യ സ്ഥിതി വഷളാണെന്ന് സൂചിപ്പിച്ചുളള മെഡിക്കൽ ബുളളറ്റിനുകളും നേരത്തെ പുറത്തിറങ്ങിയിരുന്നു.
സിനിമ പ്രവർത്തകരും രാഷ്ട്രീയ , സാംസ്കാരിക ലോകത്തെ പ്രമുഖരും ഇന്നസെൻ്റിൻ്റെ ആരോഗ്യനില അന്വേഷിച്ച് രണ്ട് ദിവസമായി ആശുപത്രിയിലുണ്ടായിരുന്നു. ഞായറാഴ്ച വൈകിട്ട് മന്ത്രിമാരായ സജി ചെറിയാൻ, പി. രാജീവ് എന്നിവരുടെ സാനിധ്യത്തിൽ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ആരോഗ്യസ്ഥിതി വിലയിരുത്തി. എന്നാൽ രാത്രി പതിനൊന്ന് മണിയോടെയാണ് മരണം സ്ഥിരീകരിച്ച് അറിയിപ്പ് എത്തിയത്.
1972 – ൽ ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. 18 വർഷത്തോളം ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനവും അലങ്കരിച്ചിരുന്നു. 2014ലെ തെരഞ്ഞെടുപ്പിൽ ചാലക്കുടി എം പിയായി ലോകസഭയിലും ഇന്നസെൻ്റ് സാനിധ്യമറിയിച്ചു.
നേരത്തെ കാൻസർ ബാധയെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ വ്യക്തികൂടിയാണ് അദ്ദേഹം. ഇന്നസെൻ്റിൻ്റെ പ്രചോദനാത്മകമായ വാക്കുകൾ നിരവധി ആളുകൾക്ക് ആശ്വാസം പകർന്നിട്ടുണ്ട്. ക്യാൻസർ വാർഡിലെ ചിരി എന്ന പേരിൽ അനുഭവ കഥകൾ പുസ്തകമാക്കിയിട്ടുണ്ട്.
മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലായി എഴുനൂറ്റൻപതിലേറെ സിനിമകളിൽ ഇന്നസെൻ്റ് വേഷമിട്ടു. മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (മഴവിൽക്കാവടി) നേടിയിട്ടുള്ള ഇന്നസൻ്റ്, തൃശൂർ ശൈലിയിലുള്ള സംഭാഷണവും അനായാസ അഭിനയ മികവും കൊണ്ടാണ് പ്രേക്ഷക മനസ്സുകളിൽ ഇടംനേടിയത്. ചലച്ചിത്ര നിർമാതാവ്, വ്യവസായി, ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: ആലീസ്. മകൻ: സോണറ്റ്.
സംസ്കാരം തിങ്കളാഴ്ച
ഇന്നസെൻ്റിൻ്റെ സംസ്കാരം തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് ഇരിങ്ങാലക്കുട സെൻ്റ് തോമസ് ദേവാലയത്തിൽ നടക്കും. രാവിലെ 8 മണി മുതൽ മുതൽ 11 മണിവരെ എറണാകുളം കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ഉച്ചക്ക് 1 മണി മുതൽ 3.30 വരെ ഇരിഞ്ഞാലക്കുട മുനിസിപ്പൽ ടൗൺ ഹാളിലും തുടർന്ന് സ്വവസതിയിലും നിരവധിപ്പേർ അന്തിമോപചാരം അർപ്പിക്കാനെത്തും.