ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാര്‍ വിപണിയിലെത്തി. സ്റ്റാര്‍ട്ടപ്പ് കമ്പനി പിഎംവി ഇലക്ട്രിക് ആണ് കുഞ്ഞൻ കാർ അവതരിപ്പിച്ചത്. EaS-E എന്ന പേരില്‍ പുറത്തിറക്കുന്ന ഈ ടു-സീറ്റര്‍ കാറിന് 4.79 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേര്‍ക്കാണ് ഈ വിലയ്ക്ക് കാര്‍ നല്‍കുന്നത്. ബുക്ക് ചെയ്തവർക്ക് 2023 പകുതിയോടെ വാഹനം വിതരണം ചെയ്തു തുടങ്ങും.
2,000 രൂപ നല്‍കി പിഎംവിയുടെ വെബ്‌സൈറ്റിലൂടെ കാര്‍ ബൂക്ക് ചെയ്യാം. ഇതുവരെ 6,000 ബുക്കിംഗുകളാണ് EaS-E മോഡലിന് ലഭിച്ചത്. രാജ്യത്ത് നിലവില്‍ ലഭ്യമായ ഏറ്റവും ചെറിയ കാര്‍ എന്ന പ്രത്യേതകയും EaS-E ന് ഉണ്ട്. 2,915 എംഎം നീളവും 1,157 എംഎം വീതിയുമുള്ള വാഹനത്തിന് 550 കി.ഗ്രാം ആണ് ഭാരം. മൂന്നു വർഷം അല്ലെങ്കിൽ 50000 കിലോമീറ്റർ വാറന്റിയും പിഎംവി നൽകുന്നുണ്ട്.
120 കിലോമീറ്റർ, 160 കിലോമീറ്റർ, 200 കിലോമീറ്റർ എന്നിങ്ങനെ റേഞ്ച് ലഭിക്കുന്ന 3 മോഡലുകളാണ് പിഎംവി പുറത്തിറക്കിയത്. ഇതിൽ 120 കിലോമീറ്റർ റേഞ്ച് ലഭിക്കുന്ന അടിസ്ഥാന വകഭേദത്തിന് 4.79 ലക്ഷം രൂപ വില. മറ്റു മോഡലുകളുടെ വില 6.79 ലക്ഷം രൂപയും 7.79 ലക്ഷം രൂപയുമാണ്.
മണിക്കൂറില്‍ 70 കിലോമീറ്ററാണ് വാഹനത്തിന്റെ ഉയര്‍ന്ന വേഗത. 13 എച്ച്പി പവറും 50 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന വാഹനം 5 സെക്കന്‍ഡുകൊണ്ട് പൂജ്യത്തില്‍ നിന്ന് 40 km/h വേഗത കൈവരിക്കും.