കഴിഞ്ഞ 75 വര്‍ഷത്തിനിടയില്‍ വികസന രംഗത്ത് ഇന്ത്യ വൻ കുതിപ്പാണ് നടത്തിയതെന്ന് ബ്രസീൽ പാർലമെന്റിനെ അഭിസംബോധന ചെയ്ത് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള സംയുക്ത സമ്മേളനത്തിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മുരളീധരൻ സംസാരിച്ചത്.
രാജ്യത്തെ മുന്നോട്ടു നയിച്ചതിന് പിന്നിൽ ഇന്ത്യന്‍ ജനതയുടെ കഠിനാധ്വാനവും നവീന ആശയങ്ങളുമാണ്. ഇരുരാജ്യങ്ങൾക്കും ഇടയിലെ പാര്‍ലമെന്‍ററി രംഗത്തെ സഹകരണം ശക്തിപ്പെട്ടു. ജൈവ ഊര്‍ജം, എണ്ണയും പ്രകൃതിവാതകവും, മൃഗസംരക്ഷണം, ആരോഗ്യം, പ്രതിരോധം, ബഹിരാകാശ ഗവേഷണം, സൈബര്‍ സുരക്ഷ എന്നീ മേഖലകളിലെ ഇന്ത്യ – ബ്രസീല്‍ ബന്ധം കൂടുതല്‍ ശക്തമായെന്നും വി മുരളീധരൻ പറഞ്ഞു.
ഇന്ത്യയും ബ്രസീലും തമ്മിലുള്ള വ്യാപാര, നിക്ഷേപത്തിൽ വലിയ മുന്നേറ്റമുണ്ടായി. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ശക്തമാവുന്നതിന് ഇത് കാരണമായി.
ഇരുരാജ്യങ്ങളുടെയും ജൈവ ഇന്ധന രംഗത്തെ സഹകരണം സുസ്ഥിരവികസനത്തിന് കരുത്തേകുമെന്നും വി മുരളീധരൻ പറഞ്ഞു.