ന്യൂയോർക്ക്: 800-ലേറെ ഇന്ത്യക്കാരെ അനധികൃതമായി അമേരിക്കയിലേക്ക് കടത്തി കൊണ്ടു വന്ന ഇന്ത്യൻ വംശജ്ഞന് അമേരിക്കയിൽ തടവുശിക്ഷ. രജീന്ദർ പാൽ സിംഗ് എന്ന ജസ്പാൽ ഗില്ലിനെയാണ് യു.എസ് കോടതി 45 മാസത്തെ തടവുശിക്ഷയ്ക്ക് വിധിച്ചത്. കാനഡ അതിർത്തി വഴിയാണ് ഇത്രയേറെ ആളുകളെ ഇയാൾ അമേരിക്കയിലേക്ക് കടത്തി.
വിചാരണയ്ക്കിടെ കോടതിയിൽ കുറ്റസമ്മതം നടത്തിയ ജാസ്പാൽ ഗിൽ മനുഷ്യക്കടത്തിനായി ഒത്താശ ചെയ്യുന്ന കാനഡയിലെ സംഘത്തിൽ നിന്നും അഞ്ച് ലക്ഷം യുഎസ് ഡോളർ കൈപ്പറ്റിയതായും സമ്മതിച്ചു. കാലിഫോർണിയ സ്വദേശിയായ ജസ്പാൽ നാല് വർഷത്തിനിടെയാണ് എണ്ണൂറോളം ഇന്ത്യക്കാരെ അതിർത്തി കടത്തി കൊണ്ടു വന്നത്. വടക്കൻ ഭാഗത്തെ കാനഡയുടെ അതിർത്തി താണ്ടി സിയാറ്റിൽ നഗരത്തിലേക്ക് എത്തുന്നവരെ ആണ് ഇയാൾ വാഷിംഗ്ടണിൽ എത്തിച്ചത്. ഊബർ ആപ്പ് വഴി അതിർത്തി നഗരങ്ങളിൽ നിന്നും വാഷിംഗ്ടണിലേക്ക് ട്രിപ്പ് ബുക്ക് ചെയ്താണ് ഇയാൾ ആളുകളെ കൊണ്ടുവന്നത്.
യു.എസിൽ മെച്ചപ്പെട്ട ജീവിതം മോഹിച്ച് അനധികൃത്യമായി കുടിയേറാൻ ശ്രമിക്കുന്നവരെ വലിയ തുക കൈപ്പറ്റി ജസ്പാൽ ചൂഷണം ചെയ്തത് കോടതി വിധിയിൽ ചൂണ്ടിക്കാട്ടുന്നു. 2018 പകുതി മുതൽ 2022 ജൂലൈ വരെയാണ് ജസ്പാലും സംഘവും കാനഡയിൽ നിന്നുള്ളവരെ കടത്തി കൊണ്ടു വന്നത്. ആളുകളെ വാഷിംഗ്ടണിലേക്ക് കടത്താനായി അറുന്നൂറോളം ട്രിപ്പുകളാണ് ഇയാൾ നടത്തിയത്. തടവുശിക്ഷയുടെ കാലാവധി തീർന്നാൽ ജസ്പാലിനെ അമേരിക്കയിൽ നിന്നും നാടുകടത്തിയേക്കുമെന്ന് അധികൃതർ വ്യക്തമാക്കി.