അയർലൻഡ് ഉപപ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ലിയോ വരാഡ്കർ ഡിസംബറിൽ അയർലൻഡ് പ്രധാനമന്ത്രിയായി സ്ഥാനമേൽക്കും. കൂട്ടുകക്ഷി സർക്കാരിലെ ധാരണയനുസരിച്ചാണ് നിലവിലെ പ്രധാനമന്ത്രിയും ഫിയാനഫോൾ നേതാവുമായ മൈക്കൽ മാർട്ടിൻ രണ്ടരവർഷം ഭരണം പൂർത്തിയാക്കി ഡിസംബറിൽ സ്ഥാനമൊഴിയുന്നത്.
ഫിയാനഫോൾ, ഫിനഗെയ്ൽ, ഗ്രീൻ പാർട്ടി എന്നീ 3 കക്ഷികൾ ചേർന്നതാണ് അയർലൻഡിലെ ഭരണമുന്നണി. ലിയോ വരാഡ്കർ ഫിനഗെയ്ൽ നേതാവാണ്. അതേസമയം രണ്ടാം തവണയാണ് വരാഡ്കർ പ്രധാനമന്ത്രിയാകുന്നത്. 2017–2020 കാലത്തായിരുന്നു ആദ്യമായി അദ്ദേഹം അയർലൻഡ് പ്രധാനമന്ത്രിയായത്.
മുംബൈ സ്വദേശി അശോക് വരാഡ്കറുടെയും അയർലൻഡ് സ്വദേശി മിറിയത്തിന്റെയും ഇളയ മകനായി അയർലൻഡ് തലസ്ഥാനമായ ഡബ്ലിനിലാണു ലിയോ വരാഡ്കർ ജനിച്ചത്. ഡോക്ടറായ വരാഡ്കർ 2007 ൽ ആണ് ആദ്യമായി അയർലൻഡിൽ എംപിയായത്. 2017 ജൂൺ 13ന് ആദ്യമായി അയർലൻഡിന്റെ പ്രധാനമന്ത്രിയാവുമ്പോൾ വരാഡ്കറിന് പ്രായം വെറും 38 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു. അയർലൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും രാജ്യത്തെ ആദ്യ സ്വവർഗാനുരാഗിയായ പ്രധാനമന്ത്രിയും വരാഡ്കറാണ്.