ഗൾഫിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ അൽ അൻസാരി എക്‌സ്‌ചേഞ്ചിന്റെ സമ്മർ പ്രമോഷൻ ക്യാമ്പയിനിലെ മെഗാ സമ്മാനമായ 10 ലക്ഷം ദിർഹം സ്വന്തമാക്കി ഇന്ത്യക്കാരൻ. യുഎഇയിൽ പ്രവാസിയായ സജാദ് അലി ബത്തിനാണ് രണ്ട് കോടിയിലധികം മൂല്യമുള്ള ബംമ്പർ സമ്മാനം ലഭിച്ചത്. നറുക്കെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ കണ്ണൂർ സ്വദേശി നവാസിന് 25000 ദിർഹവും സമ്മാനമായി ലഭിച്ചു.
അവസാന റൗണ്ടിൽ രണ്ട് മലയാളികളടക്കം ഒമ്പത് പേരിൽ നിന്നാണ് സജാദ് അലി മെഗാ സമ്മാനം നേടിയത്. അവസാന റൗണ്ടിലെത്തിയ ഏഴ് പേർക്ക് 10000 ദിർഹം വീതം ലഭിച്ചു. ഈ വർഷം ഓഗസ്റ്റ് 31 വരെ അൽ അൻസാരി എക്‌സ്‌ചേഞ്ചിന്റെ വിവിധ ശാഖകളിലൂടെ പണം അയച്ചവരിൽനിന്നാണ് സമ്മർ പ്രമോഷൻ ഭാഗ്യശാലിയെ കണ്ടെത്താൻ നറുക്കെടുപ്പ് നടത്തിയത്.
അൽ അൻസാരി എക്‌സ്‌ചേഞ്ചിന്റെ ഒമ്പതാമത്തെ കോടീശ്വരനായി മാറിയ സജാദ് അലി ബത്തിന് അൽ അൻസാരി എക്‌സ്‌ചേഞ്ച് അധികൃതർ അഭിനന്ദനങ്ങൾ അറിയിച്ചു. സ്‌പോൺസർമാരായ ബാങ്ക് അൽഫലാഹ്, ബാങ്ക് ഡി കെയർ എന്നിവരുടെ പിന്തുണയ്‌ക്കും അൻസാരി എക്‌സ്‌ചേഞ്ച് നന്ദി അറിയിച്ചു. ഞങ്ങളുടെ സേവനങ്ങളിലുള്ള വിശ്വാസത്തിന്റെ യഥാർത്ഥ പ്രതിഫലനമാണ് ഈ നേട്ടമെന്നും അവർ പറഞ്ഞു.