ഗൾഫ് രാജ്യങ്ങളിലേക്കും ഇന്ത്യയിലേക്കും സർവീസ് നടത്തുന്ന വിമാനങ്ങൾ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ പ്രവാസി സംഘം ഡൽഹി ഹൈകോടതിയിൽ കേസ് നൽകി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയായ കേരള പ്രവാസി അസോസിയേഷൻ മുഖേനയാണ് ഹർജി സമർപ്പിച്ചത്. എൻ ആർ ഐ ഗ്രൂപ്പിന് വേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനും കെ എൻ പി എമ്മിലെ മാനേജിങ് പാർട്ണറുമായ കുര്യാക്കോസ് വർഗീസാണ് ഹർജി സമർപ്പിച്ചത്.
1937 ലെ എയർക്രാഫ്റ്റ് റൂൾ പ്രകാരം (135 (1) ) നിരക്ക് വർദ്ധനവ് ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് ഹർജിയിൽ പറയുന്നത്. ഗൾഫ് മേഖലകളിൽ നിന്ന് കേരളത്തിലേക്കും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും വിലക്കപ്പെട്ട അമിത നിരക്കാണ് ഈടാക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
രാജ്യത്ത് നിന്നും തൊഴിൽ, വിദ്യാഭ്യാസം ബിസിനസ് തുടങ്ങിയ ആവശ്യങ്ങൾക്ക് വേണ്ടി ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഈ നിരക്ക് താങ്ങാൻ ആവില്ല. റൂളുകൾ പ്രകാരം എയർ ട്രാൻസ്‌പോർട്ട് സ്ഥാപനങ്ങൾക്കും നിശ്ചയിച്ചിട്ടുള്ള പ്രവർത്തന ചിലവും സേവനങ്ങളുടെ സവിശേഷതകളും ന്യായമായ ലാഭവും കണക്കിലെടുത്താണ് നിരക്ക് കൂട്ടുന്നത്. വിമാന കമ്പനികളുടെ താരിഫ് സംബന്ധിച്ചോ 135 (1) റൂൾ റദ്ധാക്കിയതിലോ അടിയന്തര ഇളവ് വേണമെന്നാണ് കേരള പ്രവാസി സംഘം പറയുന്നത്. എൻ ആർ ഐ മുതിർന്ന അംഗങ്ങൾ പറയുന്നതനുസരിച്ച് 135(1) ചോദ്യം ചെയ്യപ്പെടുന്നത് ഇതാദ്യമായാണ്.