രാജ്യത്ത് ആദ്യമായി സ്കൈ ബസ് സംവിധാനം ഏർപ്പെടുത്താൻ കേന്ദ്രം തീരുമാനിച്ചു. അന്തരീക്ഷ മലിനികരണവും വാഹന പെരുപ്പവും കുറയ്ക്കാൻ സ്കൈ ബസ് ഗതാഗതം സഹായിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
ഡൽഹിയിലെയും ഹരിയാനയിലെയും തിരഞ്ഞെടുത്ത സ്ഥലങ്ങളിലായിരിക്കും ആദ്യം സർവീസ് ആരംഭിക്കുക. സ്കൈ ബസുകൾക്ക് മെട്രോയെക്കാൾ നിർമാണ ചിലവ് കുറവാണ്. മെട്രോയ്ക്ക് 350 കോടി രൂപ നിർമാണ ചിലവ് വരുമ്പോൾ സ്കൈ ബസ്സുകൾക്ക് 50 കോടി രൂപ മാത്രമേ ചിലവ് വരുന്നുള്ളു. 300 ൽ അധികം യാത്രക്കാരെ ഉൾക്കൊള്ളിച്ചുകൊണ്ട് യാത്ര നടത്താൻ സ്കൈ ബസിൽ സാധിക്കും. ഡബിൾ ഡക്കർ ബസ്സുകൾ നിർമ്മിക്കാനും ആലോചിക്കുന്നുണ്ടെന്ന് കേന്ദ്രം അറിയിച്ചു.
പില്ലറുകളിലായി ആകാശ പാതയിലൂടെ സഞ്ചരിക്കുന്ന സ്കൈ ബസ്സുകൾ കൂടുതൽ ലാഭകരമാണെന്നാണ് വിലയിരുത്തൽ. പില്ലറുകൾ സ്ഥാപിക്കാൻ അധിക സ്ഥലത്തിന്റെയും ആവശ്യമില്ല. ദേശീയ പാതയുടെ മീഡിയനുകളിൽ തൂണുകൾ നിർമ്മിക്കാനുള്ള അനുമതി നൽകുമെന്നും ഗഡ്കരി പറഞ്ഞു.