ദില്ലി: ഡൊണാൾഡ് ട്രംപിൻ്റെ അധിക തീരുവ നേരിടാൻ മാർഗ്ഗങ്ങൾ തേടി ഇന്ത്യ. അമേരിക്കയ്ക്ക് കീഴടങ്ങാതെ തന്നെ പ്രതിസന്ധി മറികടക്കാനാണ് കേന്ദ്രസർക്കാരിൻ്റെ ശ്രമം. പ്രതിസന്ധി താത്കാലികമാണെന്നും അമേരിക്കൻ തീരുവ ഭീഷണിയെ ധൈര്യപൂർവ്വം നേരിടാൻ ഇന്ത്യയ്ക്ക് സാധിച്ചാൽ സമ്പദ് വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്താൻ ഇതിലൂടെ സാധിക്കുമെന്നും പല സാമ്പത്തിക വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജപ്പാൻ, ചൈന സന്ദർശനത്തിനായി യാത്ര തിരിക്കും. രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രി ജപ്പാനിലേക്ക് തിരിക്കുന്നത്. ഇന്ത്യ – ജപ്പാൻ വാണിജ്യബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള ചർച്ചകൾ പ്രധാനമന്ത്രി നടത്തും. അമേരിക്കയിലേക്കുള്ള കയറ്റുമതി പ്രതിസന്ധിയിലാവുന്നതോടെ ജപ്പാനടക്കം പുതിയ വിപണികൾ കണ്ടെത്താനാണ് ഇന്ത്യയുടെ നീക്കം. ജപ്പാനിൽ നിന്നും ഷാങ്ഹായ് ഉച്ചക്കോടിക്കായി ഞായറാഴ്ച മോദി ചൈനയിലെത്തും. ചൈനയുമായും വാണിജ്യ ചർച്ചകളുണ്ടാവും എന്നാണ് സൂചന. ഇന്ത്യ – ചൈന സഹകരണം കൂടുതൽ ശക്തിപ്പെടുത്തി കൊണ്ടുള്ള കൂടുതൽ തീരുമാനങ്ങൾ മോദിയുടെ ചൈനയിലെ ചർച്ചകളിലുണ്ടാവാൻ സാധ്യതയുണ്ട്. അമേരിക്കയുടെ നികുതി ഭീഷണി നേരിടാൻ ഇന്ത്യയും ചൈനയും റഷ്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും ഉൾപ്പെടുന്ന ബ്രിക്സ് സഖ്യം പുതിയ മാർഗ്ഗങ്ങൾ സ്വീകരിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുകയാണ്.
നികുതി വിഷയത്തിൽ അമേരിക്കയുമായി ഇന്ത്യ പ്രത്യേക ചർച്ചകളൊന്നും നടത്തിയിട്ടില്ല. പ്രതിസന്ധി പരിഹരിക്കാൻ അമേരിക്കയിൽ നിന്നും മാറി കൂടുതൽ രാജ്യങ്ങളിലേക്ക് കയറ്റുമതി സാധ്യത വർധിപ്പിക്കുക എന്ന നിർദ്ദേശമാണ് വ്യവസായികളും പ്രധാനമായും മുന്നോട്ട് വച്ചത്. ഇന്ന് കൂടുതൽ ചർച്ചകൾക്കും തീരുമാനങ്ങൾക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. മറ്റു രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ കയറ്റുമതി കൂട്ടാനുള്ള നീക്കത്തിലാണ് ഇന്ത്യയെന്ന് മുൻ വിദേശകാര്യ സെക്രട്ടറിയും രാജ്യസഭാംഗവുമായ ഹർഷ് വർദ്ധൻ ഷിംഗ്ള വ്യക്തമാക്കിയിട്ടുണ്ട്. നാൽപ്പത് രാജ്യങ്ങളിലേക്കെങ്കിലും ഇന്ത്യയുടെ കയറ്റുമതി നടത്താനുള്ള സാധ്യതകളാണ് സർക്കാർ തേടുന്നത്. യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാർ ഒക്ടോബറോടുകൂടി യാഥാർത്ഥ്യമാക്കാനുള്ള നീക്കവും ഇന്ത്യയുടെ ഭാഗത്ത് നിന്നും സജീവമാക്കിയിട്ടുണ്ട്.
റഷ്യ – യുക്രൈൻ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലും ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് റഷ്യയുടെ സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണെന്നും ഇത് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ തീരുവ നടപടിയെന്നാണ് ട്രംപ് ആദ്യം വിശദീകരിച്ചത്. എന്നാൽ ഇന്ന് കൂടുതൽ പ്രതികരണവുമായി അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്‍റ് രംഗത്തെത്തി. ഇന്ത്യക്കുള്ള അധിക തീരുവ റഷ്യൻ എണ്ണയുടെ പേരിൽ മാത്രമല്ലെന്ന് സമ്മതിച്ച അമേരിക്ക, വ്യാപാര കരാർ ചർച്ച ഇന്ത്യ അനാവശ്യമായി നീട്ടിയതും കാരണമാണെന്ന് ചൂണ്ടിക്കാട്ടി. ഇന്ത്യ ചില വിഷയങ്ങളിൽ കടുംപിടുത്തം പിടിക്കുകയാണ്. മേയിൽ ഒപ്പിടുമെന്ന് പ്രതീക്ഷിച്ച കരാറാണ് ഇത്രയും നീണ്ടതെന്നും യു എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്‍റ് കുറ്റപ്പെടുത്തി.