തിരുവനന്തപുരം ആറുമാസത്തിനിടെ പ്രതിദിനം കെഎസ്‌ആർടിസിയിൽ കൂടിയത് ഒരുലക്ഷംവരെ യാത്രക്കാർ. ഇതോടെ യാത്രക്കാരുടെ ആകെ എണ്ണം 20.5 ലക്ഷമായി ഉയർന്നു. 19.49 ലക്ഷത്തിൽനിന്നുമാണ് വർധന. തിങ്കളാഴ്‌ച യാത്രക്കാരുടെ എണ്ണം 24.5 ലക്ഷമായി ഉയർന്നു. ഇപികെഎം (ഒരു കിലോമീറ്ററിന് ലഭിക്കുന്ന ടിക്കറ്റ് വരുമാനം) 48.58 രൂപ ഉണ്ടായിരുന്നത് അന്പതുരൂപയ്‌ക്ക് മുകളിലായി. ചില ദിവസങ്ങളിൽ 55 രൂപവരെ ലഭിക്കുന്നു. മൊത്തം പ്രതിദിന ടിക്കറ്റ് വരുമാനം എട്ടുകോടിക്ക് മുകളിലായി.
ട്രാവൽകാർഡ് വ്യാപകമാക്കിയതും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തിയതും പൊതുയാത്രക്കാരെ ആകർഷിച്ചു. അത്യാധുനിക ബസുകൾ എത്തിയത് കാലാനുസൃതമായി മാറുന്നതിന്റെ തെളിവായി. ഇതിനു പുറമേ വരുത്തിയ പരിഷ്‌കാരങ്ങളും വരുമാനത്തിന് കാരണമായി. നഷ്‌ടത്തിൽ ഓടിയിരുന്ന ഇലക്ട്രിക് ബസുകളുടെ റൂട്ടും സമയവും പുനഃക്രമീകരിച്ചു. തമിഴ്‌നാടുമായുള്ള 2019 -ലെ അന്തർസംസ്ഥാന കരാറിന്റെ അടിസ്ഥാനത്തിൽ വോൾവോ, ലോ ഫ്ലോർ എസി, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഉപയോഗിച്ച് പുതിയ സർവീസുകൾ തുടങ്ങി. അതിർത്തിവരെ വരുന്ന ബസുകളെ കേരളത്തിലെ റൂട്ടുകളുമായി ബന്ധപ്പെടുത്തി യാത്രാസൗകര്യവും മെച്ചപ്പെടുത്തി.
യൂണിറ്റുകൾക്ക് ടാർഗറ്റ് നിശ്‌ചയിച്ച് നൽകി. കഴിഞ്ഞ ജൂലൈയിൽ 52 യൂണിറ്റുകളായിരുന്നു പ്രവർത്തന ലാഭമുണ്ടാക്കിയത്. ചെലവ് ചുരുക്കൽ നടപ്പാക്കിയപ്പോൾ 93 യൂണിറ്റുകളും ലാഭത്തിലായി. സെപ്‌തംബർ എട്ടിന് ഏറ്റവും ഉയർന്ന ദിന കലക്ഷൻ നേടി (10.19 കോടി രൂപ). അന്ന് 24.94 ലക്ഷംപേർ യാത്രക്കാരായി. ടിക്കറ്റിതര വരുമാനവും ചേർന്ന് 11.20 കോടിയായിരുന്നു വരുമാനം. 2024 ഡിസംബർ 23ന് ശബരിമല സീസണിൽ നേടിയ 9.22 കോടി രൂപയായിരുന്നു അതുവരെയുള്ള ഉയർന്ന ടിക്കറ്റ് വരുമാനം. തിരുവനന്തപുരം, മൂന്നാർ ഡബിൾ ഡക്കർ സർവീസും ലാഭകരമാണ്. 48,000 രൂപയാണ് മൂന്നാറിൽ മാത്രം ലഭിക്കുന്ന ദിന ലാഭം.
വിവിധ ബസ് സ്റ്റേഷനുകളുടെ വികസനത്തിന് സർക്കാർ 120 കോടി രൂപ വകയിരുത്തി. കൊട്ടാരക്കര, കായംകുളം, തൃശൂർ, കൊല്ലം, ആറ്റിങ്ങൽ, എറണാകുളം, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി എന്നീ സ്റ്റേഷനുകളുടെ നവീകരണമാണ് ഇതിലൂടെ പൂർത്തിയാക്കുക.




