തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏഴു ജില്ലകൾ കനത്ത പോളിങ്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. ഉച്ചയോടെ ആകെ പോളിങ് ശതമാനം 50 ശതമാനത്തോട് അടുത്തു. മലയോര മേഖലയിലടക്കം കനത്ത പോളിങാണ് രേഖപ്പെടുത്തുന്നത്. വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മൂന്ന് കോർപ്പറേഷനുകൾ 39 മുൻസിപ്പാലിറ്റികൾ, ഏഴ് ജില്ലാ പഞ്ചായത്തുകൾ, 75 ബ്ലോക്ക് പഞ്ചായത്തുകൾ, 471 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കാണ് ഇന്ന് ജനവിധി. 11168 വാർഡുകളിലേയ്ക്കാണ് തെരഞ്ഞെടുപ്പ്.
ഇന്ന് ജനവിധി തേടുന്നത് 36630 സ്ഥാനാർത്ഥികളാണ്. ആകെ 13283789 വോട്ടർമാരാണ് ഇന്ന് ഏഴു ജില്ലകളിലായി വിധിയെഴുതുക. 36630 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെ ആദ്യഘട്ടത്തിൽ ആകെ 15432 പോളിങ് സ്റ്റേഷനുകളാണുളളത്. ഇതിൽ 480 എണ്ണം പ്രശ്നബാധിത ബൂത്തുകളുണ്ട്.
അതേസമയം വടക്കൻ മേഖലയിലെ ഏഴു ജില്ലകളിൽ ഇന്നാണ് കൊട്ടിക്കാലാശം. മൂന്ന് മുന്നണികളുടെയും വീറും വാശിയും നിറഞ്ഞ പരസ്യ പ്രചാരണത്തിനാണ് ഇന്നത്തെ കൊട്ടിക്കലാശത്തോടെ തിരശീല വീഴുക. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ വയനാട് കാസറഗോഡ് ജില്ലകളിൽ വൈകീട്ട് ആറുവരെ ആണ് പരസ്യ പ്രചരണം. 11നാണ് പോളിംഗ്. രണ്ടാം ഘട്ട പോളിംഗ് പൂർത്തിയാക്കി ശനിയാഴ്ചയാവും വോട്ടെണ്ണൽ നടക്കുക.
തദ്ദേശതെരഞ്ഞെടുപ്പിൽ യുഡിഎഫിൻറെ ഐതിഹാസിക തിരിച്ചുവരവുണ്ടാകുമെന്ന് വോട്ട് ചെയ്തശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. ജനങ്ങൾ യുഡിഎഫിൻറെ തിരിച്ചു വരവിന് കാത്തിരിക്കുകയാണ്.അയ്യപ്പൻറെ സ്വർണം കവർന്നവരെ സർക്കാർ സംരക്ഷിക്കുകയാണെന്നും ഉന്നതരിലേക്ക് അന്വേഷണം പോകാതിരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് സമ്മർദ്ദമുണ്ടെന്നും തെരഞ്ഞെടുപ്പ് കഴിയും വരെ ഉന്നതരെ ചോദ്യം ചെയ്യാതിരിക്കാൻ സമ്മർദമുണ്ടെന്നും വിഡി സതീശൻ ആരോപിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിൽ ഇക്കുറി ബിജെപി വിജയ തിലകമണിയുമെന്ന് ശാസ്തമംഗലം വാർഡിൽ വോട്ട് രേഖപ്പെടുത്തിയശേഷം കേന്ദ്ര മന്ത്രി സുരേഷ് ഗോപി എംപി പറഞ്ഞു. വിശ്വാസികൾ ഈ തെരെഞ്ഞെടുപ്പിലും പ്രതികാരം വീട്ടുമെന്നും സുരേഷ് ഗോപി പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ വിധി വരട്ടെയെന്നും കോടതി വിധി എല്ലാവർക്കും ബാധകമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്നും മികച്ച മുന്നേറ്റമുണ്ടാക്കുമെന്നും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി പറഞ്ഞു. തദ്ദേശ തെരഞെടുപ്പിൽ പൊതുവെ മികച്ച മുന്നേറ്റം ഇടതനുകൂലമായി ഉണ്ടാകാറുണ്ട്. അത് തന്നെ ഇത്തവണയും പ്രതീക്ഷിക്കുകയാണ്.പൊതു രാഷ്ട്രീയ സ്ഥിതി ചർച്ചയാകും. വർഗീയതക്കെതിരെ ജനവിധിയാണ് പ്രതീക്ഷിക്കുന്നത്. ശബരിമല സ്വർണ്ണക്കൊള്ള ചർച്ചയാകും.ഇടതുമുന്നണിക്ക് ഇക്കാര്യത്തിൽ അഭിമാനമുണ്ട്.




