ദുബായ് വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവെന്ന് റിപ്പോർട്ട്. ഈ വർഷം 7.8 കോടി യാത്രക്കാരെയാണ് ദുബായ് എമിറേറ്റ്സ് പ്രതീക്ഷിക്കുന്നത്. പ്രതീക്ഷിച്ചപോലെ യാത്രക്കാർ എത്തുകയാണെങ്കിൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന റെക്കോർഡ് ദുബായ് നിലനിർത്തുമെന്നാണ് പ്രതീക്ഷ. 6.6 കോടിയിലധികം യാത്രക്കാരാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി കഴിഞ്ഞ വർഷം മാത്രം യാത്ര ചെയ്‌തെന്ന് അധികൃതർ അറിയിച്ചു.
മുൻ വർഷങ്ങളെ അപേക്ഷിച്ച് 127 ശതമാനം വർദ്ധനവാണ് യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായത്. 2021 അവസാന പാദത്തിൽ യാത്ര ചെയ്ത യാത്രക്കാരെ അപേക്ഷിച്ച് 67 ശതമാനം വർദ്ധനവാണ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ നിന്ന് പുറപ്പെടുന്ന മിക്ക വിമാനങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് അധികൃതർ പറഞ്ഞു. കൂടുതൽ സർവീസുകൾക്കായി യു.എ.ഇ വിമാനകമ്പനികൾ ഇന്ത്യയെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
”വിമാന യാത്ര മേഖലയിൽ വലിയ രീതിയിലുള്ള വളർച്ചക്ക് വഴിയൊരുങ്ങുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. പ്രതീക്ഷിച്ചതിലും വലിയ നേട്ടമാണ് കൈവരിക്കാൻ സാധിച്ചത്. ഈ ഒരു വെല്ലുവിളി അവസരമാക്കി മാറ്റാൻ ഞങൾ പരമാവധി ശ്രമിക്കേണ്ടതുണ്ട്” എന്നാണ് വിമാനത്താവളം സി.ഇ.ഒ പോൾ ഗ്രിഫിത്ത്സ് പറഞ്ഞത്.