കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസില്‍ തിരിച്ചടി. മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് ആണ് വിധി പുറപ്പെടുവിച്ചത്.
ഹര്‍ജി തള്ളിയതിനാല്‍ രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും. സൂറത്ത് കോടതി വിധിയില്‍ ഇടപെടില്ലെന്നാണ് ഹൈക്കോടതി അറിയിച്ചത്.
2019 ഏപ്രില്‍ 13ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകത്തിലെ കോലാറില്‍ സംഘടിപ്പിച്ച റാലിയില്‍ നടത്തിയ പ്രസംഗത്തില്‍ മോദി സമുദായത്തെ രാഹുല്‍ ഗാന്ധി അവഹേളിച്ചെന്നാണ് കേസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് നടത്തിയ പരാമര്‍ശമാണ് രാഹുല്‍ ഗാന്ധിക്ക് തിരിച്ചടിയായത്.
‘നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി. എല്ലാവരുടെയും പേരില്‍ മോദിയുണ്ട്. കള്ളന്മാരുടെ പേരിലെല്ലാം എങ്ങനെയാണ് മോദി എന്ന് വരുന്നത്’ എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. എന്നാല്‍ രാഹുല്‍ ഗാന്ധി ‘മോദി സമുദായ’ത്തെ അവഹേളിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ബിജെപി എം എല്‍എയും ഗുജറാത്ത് മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദി പരാതി നല്‍കിയത്.
പരാതിയില്‍ രാഹുലിനെതിരെ ഐപിസി 504 വകുപ്പ് പ്രകാരം കേസെടുത്തു. 2023 മാര്‍ച്ച് 23ന് കേസ് പരിഗണിച്ച വിചാരണകോടതി രാഹുല്‍ ഗാന്ധിക്ക് പരമാവധി ശിക്ഷയായ രണ്ട് വര്‍ഷം തടവ് വിധിച്ചു. എംപി സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കുകയും ചെയ്തു.