തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ സജീവമായി തുടരുന്നു. തെക്കൻ കേരളത്തിലെ ജില്ലകളിൽ കനത്ത മഴയാണ് കഴിഞ്ഞ മണിക്കൂറുകളിൽ ലഭിച്ചത്. കർണാടക തീരം മുതൽ പടിഞ്ഞാറൻ വിദർഭ തീരം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുടെ സ്വാധീന ഫലമായാണ് കേരളത്തിലെ വേനൽ മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. അതേസമയം ഇന്നത്തോടെ വേനൽ മഴ കുറഞ്ഞേക്കുമെന്നും അവർ വ്യക്തമാക്കി. ഇന്ന് തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. നിലവിൽ ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. ശക്തമായ മഴ വൈകീട്ടോടെയാണ് തുടങ്ങിയത്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കടൽ പ്രക്ഷുബ്‌ധമായേക്കുമെന്നും മുന്നറിയിപ്പുണ്ട്. നാളെയും മറ്റന്നാളും നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇടുക്കി, തൃശ്ശൂർ, പത്തനംതിട്ട, എറണാകുളം, ജില്ലകളിലാണ് അടുത്ത രണ്ട് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
കോഴിക്കോട് മുതൽ തിരുവനന്തപുരം വരെ പരക്കെ മഴ ലഭിക്കുന്നതിനൊപ്പം ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു. വൈകിട്ട് ഒരു മണിക്കൂറിനുള്ളിൽ തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പെയ്തത് 18.5 മില്ലിമീറ്റർ മഴയാണ്. പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം, തിരുവല്ല പ്രദേശങ്ങളിലും ശക്തമായ മഴയാണ് പെയ്തത്.