ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് അട്ടപ്പാടിയിലെ ആദിവാസി യുവാവായ മധു വിനെ മർദ്ദിച്ചു കോലപ്പെടുത്തിയ കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിക്കൊണ്ട് വിചാരണകോടതി പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി പ്രതികൾക്ക് അനുവദിച്ച ജാമ്യം കീഴ്ക്കോടതിക്ക് എങ്ങനെയാണ് റദ്ദാക്കാൻ സാധിക്കുക എന്ന നിയമപ്രശ്നം ചൂണ്ടിക്കാട്ടിയാണ് സ്റ്റേ ചെയ്തിരിക്കുന്നത്.
കേസിലെ രണ്ടും അഞ്ചും പ്രതികളാണ് ഇത് സംബന്ധിച്ച ഹർജി ഹൈകോടതിയിൽ സമർപ്പിച്ചത്.തിങ്കളാഴ്ച്ച ഹർജി വീണ്ടും പരിഗണിക്കുന്നത് വരെയാണ് സ്റ്റേ യുടെ കാലാവധി. ഹൈക്കോടതി അനുവദിച്ച ജാമ്യം വിചാരണ കോടതി റദ്ദാക്കിക്കൊണ്ട് നൽകിയ ഉത്തരവ് സംബന്ധിച്ച് ഹൈകോടതിക്ക് വ്യക്തമായ ഉത്തരം വേണമെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട രേഖകൾ വിളിച്ചു വരുത്താനും കോടതി നിർദേശം നൽകിയിട്ടുണ്ട്.
ഹൈക്കോടതി പ്രതികൾക്ക് നൽകിയ ജാമ്യം റദ്ദാക്കിക്കൊണ്ട് പുറപ്പെടുവിച്ച മണ്ണാർക്കാട് എസ്.സി എസ്.ടി കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. സാക്ഷികളെ സ്വാധീനിച്ചു എന്നത് വ്യാജ പ്രചാരണം മാത്രമാണെന്നാണ് പ്രതികൾ നൽകിയ ഹർജിയിൽ പറയുന്നത് . പ്രോസിക്യൂഷനും പോലീസിനും തെളിവ് ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്നും മുഖം രക്ഷിക്കാൻ വേണ്ടി മാത്രമാണ് പോലീസ് നടപടി സ്വീകരിക്കുന്നതെന്നുമാണ് വാദം. ഒരു സാക്ഷിയെ പോലും പ്രതികൾ സ്വാധീനിചിട്ടില്ല. ഇതുവരെ പ്രതികൾ സ്വാധീനിച്ചു എന്ന് പറഞ്ഞുകൊണ്ട് ഒരു സാക്ഷി പോലും പരാതി നൽകിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.