ഗാസയിൽ തങ്ങൾ കൈവശം വച്ചിരിക്കുന്ന ബന്ദികൾക്ക് സഹായം എത്തിക്കുന്നതിന് റെഡ് ക്രോസുമായി സഹകരിക്കാൻ തയ്യാറാണെന്ന് ഹമാസ് ഞായറാഴ്ച വ്യക്തമാക്കി. അതേസമയം റെഡ് ക്രോസുമായുള്ള ഏതെങ്കിലും ഏകോപനം നടത്തണമെങ്കിൽ ഇസ്രായേൽ മാനുഷിക ഇടനാഴികൾ സ്ഥിരമായി തുറക്കുകയും സഹായ വിതരണ സമയത്ത് വ്യോമാക്രമണം നിർത്തുകയും ചെയ്യേണ്ടതുണ്ടെന്ന് ഹമാസ് പറഞ്ഞു.
തീരദേശ മേഖലയിൽ ഞായറാഴ്ച ഇസ്രായേൽ നടത്തിയ വെടിവയ്പ്പിലും വ്യോമാക്രമണത്തിലും 80 പേരെങ്കിലും കൊല്ലപ്പെട്ടതായി പലസ്തീനിലെ ആരോഗ്യ പ്രവർത്തകർ പറയുന്നു. ഗാസയുടെ തെക്കൻ, മധ്യ പ്രദേശങ്ങളിലെ സഹായ വിതരണ കേന്ദ്രങ്ങളിലേക്ക് പോകാൻ ശ്രമിച്ചവരും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്ന് പലസ്തീൻ ഡോക്ടർമാർ പറഞ്ഞു.
ചുരുങ്ങിയത് അൻപത് ബന്ദികളെങ്കിലും ഇപ്പോഴും ഗാസയിൽ ഹമാസിൻ്റെ കസ്റ്റഡിയിൽ ഉണ്ടെന്നാണ് ഇസ്രയേലിൻ്റെ വിലയിരുത്തൽ. അവരിൽ ഇരുപത് പേർ മാത്രമേ ജീവനോടെയുള്ളൂ എന്നാണ് ഇസ്രയേൽ കരുതുന്നതെന്നും ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ബന്ദികളുടെ മോചനത്തിൽ ചർച്ചകളിലേക്ക് ഹമാസ് ഇപ്പോൾ കടക്കുന്നില്ല. അവരുടെ കുടുംബാംഗങ്ങൾക്കും കൂടുതൽ വിവരമില്ല.
കഴിഞ്ഞ ദിവസം ഹമാസ് പുറത്ത് വിട്ട വീഡിയോയിൽ അസ്ഥികൂടമായി മെലിഞ്ഞ ഡേവിഡ് എന്ന ബന്ദി സ്വന്തം ശവക്കുഴിയിലേക്ക് ഒരു കുഴി കുഴിക്കുന്നത് കാണിക്കുന്നുണ്ട്. അത് സ്വന്തം ശവക്കുഴിയാണെന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നു. ഡേവിഡിന്റെ വീഡിയോ പാശ്ചാത്യ ശക്തികളിൽ നിന്ന് വിമർശനത്തിന് ഇടയാക്കി, ഫ്രാൻസ്, ജർമ്മനി, യുകെ, യുഎസ് എന്നിവ സംഭവത്തിൽ രോഷം പ്രകടിപ്പിച്ചു. ഗാസയിലെ ബന്ദികളുടെ അവസ്ഥയെക്കുറിച്ച് ചൊവ്വാഴ്ച രാവിലെ യുഎൻ സുരക്ഷാ കൗൺസിൽ ഒരു പ്രത്യേക സമ്മേളനം നടത്തുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.
സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ഐസിആർസിയുടെ പ്രാദേശിക പ്രതിനിധി സംഘത്തിന്റെ തലവനുമായുള്ള സംഭാഷണത്തിനിടെ ബന്ദികൾക്ക് മാനുഷിക സഹായം നൽകാൻ റെഡ് ക്രോസിനോട് ആവശ്യപ്പെട്ടതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഞായറാഴ്ച പറഞ്ഞു.