ഒമാനിൽ റമദാൻ മാസത്തിൽ ഭക്ഷ്യോത്പന്നങ്ങൾക്ക് അമിത വില ഈടാക്കിയാൽ കടുത്ത നടപടിയുണ്ടാക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. നോമ്പുകാലത്ത് ഭക്ഷ്യസാധനങ്ങളുടെ ആവശ്യകത വളരെ കൂടുതലാണ്. അതിനാൽ അമിത വില ഈടാക്കി വില്പന നടത്തുന്നത് തടയാൻ അധികൃതർ പരിശോധനയും കർശനമാക്കിയിട്ടുണ്ട്.
റമദാൻ വിപണി മുതലെടുത്ത് അവശ്യ സാധനങ്ങളുടെ വിലയിൽ വർധനവ് വരുത്തരുതെന്ന് ഉപഭോക്തൃ സംരക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ കച്ചവടക്കാർ അമിത വില ഈടാക്കിയാൽ ഉപഭോക്താക്കൾക്ക് അധികൃതരെ നേരിട്ട് അറിയിക്കാനുള്ള സൗകര്യവും മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്.
റമദാൻ മാസത്തിൽ പഴവർഗങ്ങൾക്ക് പുറമേ സവാള, തക്കാളി, പച്ചമുളക്, മത്സ്യം, മാംസം എന്നിവയുടെ ഉപയോഗം കൂടുതാലായിരിക്കും. എന്നാൽ ഇവയ്ക്ക് ഈ ഘട്ടത്തിൽ വില വർധിപ്പിക്കാൻ പാടില്ലെന്ന് അധികൃതർ അറിയിച്ചു. കൂടാതെ റമദാനോടനുബന്ധിച്ച് വാണിജ്യസ്ഥാപനങ്ങളിലും മറ്റും ഒരുക്കിയിരിക്കുന്ന തെറ്റായ പ്രമോഷൻ ഓഫറുകളിൽ വീഴരുതെന്നും ഉപഭോക്തൃ സംരക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.