അപൂര്‍വ രോഗങ്ങളുടെ മരുന്നിന് ഇറക്കുമതി തീരുവ ഇളവു നല്‍കി കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ്. ഏപ്രില്‍ ഒന്നു മുതല്‍ നികുതി ഇളവ് പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്കുള്ള മരുന്നിനും ചികിത്സയുടെ ഭാഗമായി രോഗികള്‍ക്ക് നല്‍കുന്ന ഭക്ഷ്യ വസ്തുക്കള്‍ക്കുമാണ് അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കിയത്.
കാന്‍സര്‍ ചികിത്സയ്ക്കുള്ള പെംബ്രോലിസുമാബിന്റെ തീരുവയിലും ഇളവുണ്ട്. പൊതുവേ മരുന്നുകള്‍ക്ക് പത്തു ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയാണ് ഈടാക്കുന്നത്. ചില ജീവന്‍ രക്ഷാ മരുന്നുകളുടെ നികുതി അഞ്ച് ശതമാനമാണ്. മാത്രമല്ല, ഏതാനും മരുന്നുകളെ നേരത്തെ തന്നെ തീരുവയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്പൈനൽ മസ്കുലർ അട്രോഫിയടക്കമുള്ള രോഗങ്ങളുടെ മരുന്നുകൾക്കുള്ള തീരുവയിൽ നേരത്തെ തന്നെ കേന്ദ്രം ഇളവ് നൽകിയിരുന്നു. മറ്റ് മരുന്നുകൾക്കും നികുതിയിളവ് നൽകണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം.
ഈ ഇളവ് ലഭിക്കുന്നതിന് സെൻട്രൽ അല്ലെങ്കിൽ സ്റ്റേറ്റ് ഡയറക്ടർ ഹെൽത്ത് സർവീസസ് അല്ലെങ്കിൽ ജില്ലയിലെ ജില്ലാ മെഡിക്കൽ ഓഫീസർ/സിവിൽ സർജൻ എന്നിവരിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം. ദേശീയ അപൂർവരോഗ നയത്തിന്റെ പട്ടികയിലുള്ള 51 രോഗങ്ങളുടെ മരുന്നുകൾക്കാണ് ധനമന്ത്രാലയം നികുതി പൂർണമായും ഒഴിവാക്കിയത്. ഇതുവഴി വർഷത്തിൽ പത്ത് ലക്ഷം മുതൽ ഒരു കോടി രൂപവരെ ചികിത്സാ ചിലവ് ലാഭിക്കാനാകുമെന്നാണ് പ്രതീക്ഷ.