കൊച്ചി: അർജൻ്റീന ടീമിൻ്റെ മത്സരത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ കലൂർ സ്റ്റേഡിയത്തിൻ്റെ ഉടമകളായ ജിസിഡിഎ (ഗ്രേറ്റർ കൊച്ചി ഡെവലപ്മെൻ്റ് അതോറിറ്റി) യുടെ അടിയന്തര യോഗം ബുധനാഴ്ച ചേരും. അർജൻ്റീന മത്സരത്തിനായി സ്റ്റേഡിയം വിട്ടുതരണമെന്ന് ആവശ്യപ്പെട്ടുള്ള കായികമന്ത്രി വി.അബ്ദുറഹ്മാൻ്റെ കത്ത് നേരത്തെ പുറത്തു വന്നിരുന്നു. ഈ കത്തിൻ്റെ അടിസ്ഥാനത്തിലാണ് സ്റ്റേഡിയം ജിസിഡിഎ സ്പോർട്സ് കേരള ഫൌണ്ടേഷന് വിട്ടുകൊടുക്കാൻ തീരുമാനിച്ചത്.
അർജൻ്റീനയുടെ മത്സരം സംഘടിപ്പിക്കാനായി കേരള സർക്കാർ രൂപീകരിച്ച പ്രത്യേക സമിതിയാണ് സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ. കായികവകുപ്പിൻ്റെ പൂർണനിയന്ത്രണത്തിലാണ് ഈ സമിതി. ഇവർക്കാണ് ജിസിഡിഎ കലൂർ സ്‌റ്റേഡിയം വിട്ടു നൽകിയത്. കലൂർ സ്റ്റേഡിയത്തിൽ സ്പോണ്സറായ ആൻ്റോ അഗസ്റ്റിൻ നടത്തുന്ന നിർമ്മാണപ്രവർത്തനങ്ങൾ നിലവിൽ മറ്റൊരു കരാറും ഇല്ലാതെയാണെന്നാണ് സൂചന. സ്റ്റേഡിയം ഉടമകളായ ജിസിഡിഎയുമായി ആൻ്റോയ്ക്ക് നേരിട്ടൊരു കരാറുമില്ല. സ്പോർട്സ് ഫൌണ്ടേഷനുമായി കരാർ ഒപ്പിട്ടുണ്ട് എന്നാണ് ആൻ്റോ പറയുന്നത്.
സ്‌പോർട്‌സ് കേരള ഫൗണ്ടേഷനാണ് നിർമാണ പ്രവൃത്തികൾക്കായി സ്‌പോൺസർക്ക് നിർമ്മാണ പ്രവൃത്തികൾക്ക് സ്‌റ്റേഡിയം വിട്ടു നൽകിയിരിക്കുന്നത്. ഇവർ തമ്മിലുള്ള കരാറിലെ വ്യവസ്ഥകൾ എന്തെല്ലാമെന്ന് വ്യക്തമല്ല. ജിസിഡിഎ എക്‌സിക്യൂട്ടീവ് യോഗത്തിൽ ഇക്കാര്യം വിശദമായി ചർച്ചയാവുമെന്നാണ് സൂചന.
കലൂർ സ്‌റ്റേഡിയത്തിന്റെ പല ഭാഗങ്ങളും നിർമാണ പ്രവൃത്തികളെന്ന പേരിൽ പൊളിച്ചിട്ടിരിക്കുകയാണ്. കസേരകൾ നീക്കി പുതിയത് വെക്കുന്ന ജോലികൾ നടക്കുന്നുണ്ട്. ഫ്‌ളഡ് ലൈറ്റുകൾ മാറ്റി പുതിയത് സ്ഥാപിക്കുന്നു. സ്‌റ്റേഡിയത്തിന് പുറത്തെ മരങ്ങളും മുറിച്ചുമാറ്റി. എന്നാൽ അർജന്റീന ടീം ഈ വർഷത്തിൽ എത്തില്ലെന്ന് ഉറപ്പായ സ്ഥിതിക്ക് എന്തൊക്കെ കാര്യങ്ങളാണ് സ്‌റ്റേഡിയത്തിൽ നടക്കാൻ പോകുന്നത് എന്നതും ചോദ്യചിഹ്നമാണ്. മാർച്ചിൽ അജന്റീനൻ സംഘത്തെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് സ്‌പോൺസറുടെ വാഗ്ദാനം. എന്നാൽ മത്സരം ഇനി നടക്കില്ല എന്നുവന്നാൽ പൊളിച്ചിട്ട സ്‌റ്റേഡിയത്തിന്റെ ഭാവി എന്താകും എന്നതും ചോദ്യചിഹ്നമാണ്.
കഴിഞ്ഞ 26ാം തീയതി മുതലാണ് സ്‌പോർട്‌സ് കേരള ഫൗണ്ടേഷന് സ്‌റ്റേഡിയം കൈമാറിയത്. ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപിള്ള പറഞ്ഞതനുസരിച്ച് നവംബർ 30 വരെയാണ് സ്‌റ്റേഡിയം വിട്ടു നൽകിയിരിക്കുന്നത്. ഈ കാലയളവിൽ നിർമാണ പ്രവൃത്തികൾ തീർന്നില്ല എങ്കിൽ എന്താകും സ്‌റ്റേഡിയത്തിന്റെ ഭാവി എന്നതും ചോദ്യം ഉയരുന്നുണ്ട്.





