ദുബായ്: ഗൾഫ് രാജ്യങ്ങൾ ദീർഘകാലമായി ആസൂത്രണം ചെയ്തു വരുന്ന ഏകീകൃത ജിസിസി വിസ അടുത്ത വർഷം നിലവിൽ വരും. ഒരൊറ്റ വിസ കൊണ്ട് ജിസിസിയിലെ ആറ് രാജ്യങ്ങളിൽ പ്രവേശിക്കാം എന്നതാണ് ഈ വിസയുടെ പ്രത്യേകത. 2023-ൽ ആണ് ഏകീകൃത ജിസിസി വിസ പദ്ധതി ഗൾഫ് കൗൺസിൽ യോഗം അംഗീകരിച്ചത്. ഏതാണ്ട് നാല് വർഷത്തോളം നീണ്ട ചർച്ചകൾക്കും ആസൂത്രണത്തിനും പ്രവർത്തനങ്ങൾക്കും ശേഷമാണ് പദ്ധതിയിലേക്ക് ജിസിസി രാജ്യങ്ങൾ കടക്കുന്നത്. സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ-ഖതീബ് ആണ് ഏകീകൃത ജിസിസി വിസ അടുത്ത വർഷം മുതൽ നിലവിൽ വരുമെന്ന് സ്ഥിരീകരിച്ചത്.

മനാമയിൽ നടന്ന ഗൾഫ് ഗേറ്റ്‌വേ ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിൽ സംസാരിച്ച അൽ-ഖതീബ്, സാംസ്കാരിക വൈവിധ്യം, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, സ്ഥിരമായി സുരക്ഷിതമായ അന്തരീക്ഷം എന്നിവയുടെ പിന്തുണയോടെ ജിസിസി ടൂറിസം ചരിത്രപരമായ ഒരു കാലഘട്ടത്തിലൂടെയാണ് നീങ്ങുന്നതെന്ന് പറഞ്ഞു. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾ അവരുടെ ടൂറിസം മേഖലകളിൽ ചരിത്രപരമായ ഒരു പരിവർത്തനത്തിന് സാക്ഷ്യം വഹിക്കുന്നു, എണ്ണയ്ക്കും വ്യാപാരത്തിനും ഒപ്പം ടൂറിസം ഒരു പ്രധാന സാമ്പത്തിക സ്തംഭമായി ഉയർന്നുവരികയാണ്. ഈ ഘട്ടത്തിൽ ജിസിസി വിസ അതിലൊരു കുതിപ്പിന് കാരണമാകും – മന്ത്രി പറഞ്ഞു.
ആറ് ഗൾഫ് ലക്ഷ്യസ്ഥാനങ്ങൾക്ക് ഒറ്റ വിസ
ജിസിസി ഗ്രാൻഡ് ടൂർസ് വിസ എന്നറിയപ്പെടുന്ന ഏകീകൃത എൻട്രി പെർമിറ്റ്, യാത്രക്കാർക്ക് ഒരൊറ്റ ആപ്ലിക്കേഷൻ ഉപയോഗിച്ച് യുഎഇ, സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ എന്നിവിടങ്ങൾ സന്ദർശിക്കാൻ വഴിയൊരുക്കും. 2023 നവംബറിൽ ഒമാനിൽ നടന്ന ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൽ ഈ പരിപാടിക്ക് ഔദ്യോഗികമായി അംഗീകാരം ലഭിച്ചിരുന്നു. യൂറോപ്പിൻ്റെ ഷെങ്കൻ വിസ മാതൃകയിലാണ് ജിസിസി വിസയും സജ്ജമാക്കുന്നത്.






