ബെംഗളൂരു: കർണാടകത്തിലെ പശു സംരക്ഷണ പ്രവർത്തകനും തീവ്രഹിന്ദു സംഘടനയായ രാഷ്ട്ര രക്ഷണ പടെ എന്ന സംഘടനയുടെ നേതാവുമായ പുനീത് കരെഹള്ളിയെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് പൊലീസ് ആണ് പുനീത് കരെഹള്ളിയെ ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കശാപ്പുകാരേയും കാലിക്കടത്തുകാരേയും ഭീഷണിപ്പെടുത്തി പണം കവർന്നത് അടക്കമുള്ള കേസുകളിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഡി.ജെ ഹള്ളി, ബേഗൂരു, കഗ്ഗാലിപുര, ഹലസൂരു ഗേറ്റ്, ചാമരാജ് പേട്ട്, ഇലക്ട്രോണിക് സിറ്റി, മലവള്ളി, സാത്തനൂർ തുടങ്ങി വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ പത്തിലേറെ കേസുകളുണ്ടെന്നും ആവർത്തിച്ച് കുറ്റകൃത്യങ്ങൾ നടത്തുന്നതിനാൽ ഇയാൾക്കെതിരെ ഗുണ്ടാനിയമം ചുമത്തി കേസെടുത്തുവെന്നും പൊലീസ് അറിയിച്ചു. ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്തതിനാൽ ഇയാൾക്ക് ഒരു വർഷത്തേക്ക് ജാമ്യം ലഭിക്കില്ല. ഹാസൻ സ്വദേശിയായ ഇയാൾ നിലവിൽ ബെംഗളൂരുവിലാണ് താമസിക്കുന്നത്.
ഈ വർഷം ഏപ്രിലിൽ കർണാടകയിലെ രാമനഗരയിൽ കാലികളെ കടത്തിക്കൊണ്ടു പോയ വാഹനത്തിൻ്റെ ഡ്രൈവറായ ഇദ്രീഷ് പാഷയെ അക്രമിച്ചു കൊലപ്പെടുത്തിയ കേസിൽ പുനീത് കരെഹള്ളിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇയാൾ വീണ്ടും കുറ്റകൃത്യങ്ങൾ തുടർന്നത്.